കൊച്ചി : യുവനടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിലെ ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. സുപ്രിംകോടതി നിർദേശ പ്രകാരം ചണ്ഡിഗഡിലെ കേന്ദ്ര ഫൊറൻസിക് ലാബിൽ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
കേസിലെ പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജി പരിഗണിച്ചായിരുന്നു സുപ്രിം കോടതി ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാൻ നിർദേശം നൽകിയത്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ദിലീപിന്റെ അഭിഭാഷകന് കൈമാറിയിട്ടുമുണ്ട്. അതേസമയം കേസിലെ സാക്ഷികളുടെ വിസ്താരം അടുത്തയാഴ്ച്ച തന്നെ ആരംഭിക്കണമെന്നും ദിലിപീന്റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇരയും കേസിലെ മുഖ്യ സാക്ഷിയുമായ യുവനടിയെ അടക്കം വിസ്തരിക്കാം. ദൃശ്യങ്ങളുടെ ഫൊറൻസിക് പരിശോധന റിപ്പോർട്ട് വന്നതിനുശേഷം വിസ്താരം ആരംഭിക്കണമെന്നതായിരുന്നു പ്രതിഭാഗത്തിന്റെ ആവിശ്യം.
നേരത്തെ യുവതിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പരിശോധിക്കാൻ തന്നെ അനുവദിക്കണമെന്ന് ദിലീപ് സുപ്രിം കോടതിയിൽ അപേക്ഷിച്ചിരുന്നു. എന്നാൽ ഈ ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു. ദൃശ്യങ്ങൾ ആധികാരികമായ പരിശോധനയ്ക്ക് വിധേയമാക്കാമെന്നും അതിന്റെ റിപ്പോർട്ട് കൈമാറാമെന്നുമായിരുന്നു കോടതിയുടെ നിലപാട്. അതനുസരിച്ചാണ് ഇപ്പോൾ ഫൊറൻസിക് റിപ്പോർട്ട് പ്രതിഭാഗത്തിന് നൽകിയിരിക്കുന്നത്.
കേസിൽ വെള്ളിയാഴ്ച്ച നടന്ന വിസ്താരത്തിൽ ഇരയുടെ സുഹൃത്തും അഭിനേത്രിയുമായ രമ്യ നമ്പീശനെ വിസ്തരിച്ചിരുന്നു. രമ്യയുടെ സഹോദരൻ രാഹുൽ നടനും സംവിധായകനുമായ ലാലിന്റെ സഹായി സുജിത് എന്നിവരുടെ വിസ്താരവും ഇതിനൊപ്പം നടന്നു. കേസിൽ സാക്ഷിയായ പിടി തോമസ് എംഎൽഎ, നിർമാതാവ് ആന്റോ ജോസഫ് എന്നിവർ വിസ്താരത്തിനു ഹാജരായില്ല. ഇരുവരും അസൗകര്യം അറിയിച്ച് അപേക്ഷ നൽകിയിരുന്നു. ദിലീപ് ഒഴികെയുള്ള കേസിലെ ബാക്കി ഒമ്പത് പ്രതികളും വെള്ളിയാഴ്ച്ച നടന്ന വിസ്താരത്തിൽ കോടതിയിൽ എത്തിയിരുന്നു. അടുത്ത വിസ്താരം 12 ന് നടക്കും.