കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ തെളിവായ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ പൂര്‍ണവിവരങ്ങള്‍ പ്രതിയായ നടന്‍ ദിലീപിന് നല്‍കണമെന്ന് കോടതി. തന്റെ പല ചോദ്യങ്ങള്‍ക്കും മറുപടി കിട്ടിയില്ലെന്ന് കാണിച്ച് ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദേശം. കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലാബ് പരിശോധനയുടെ പൂര്‍ണവിവരങ്ങള്‍ ദിലീപിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നാണ് കോടതിനിര്‍ദേശം.
അനാവശ്യ ഹര്‍ജികള്‍ നല്‍കി ദിലീപ് വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. മാര്‍ച്ച് നാലിന് കേസില്‍ വിസ്താരം തുടരും. ഗായിക റിമി ടോമി, നടന്‍ മുകേഷ്, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ബോബിന്‍ എന്നിവരെ അന്നുവിസ്തരിക്കും.
നേരത്തേ വിസ്തരിക്കാന്‍ നിശ്ചയിച്ച ദിവസം സ്ഥലത്തില്ലാതിരുന്ന പി.ടി. തോമസ് എം.എല്‍.എ., നിര്‍മാതാവ് ആന്റോ ജോസഫ്, ഹാജരായിട്ടും സമയക്കുറവുമൂലം വിസ്തരിക്കാന്‍ കഴിയാതെവന്ന നടന്‍ സിദ്ദിഖ്, നടി ബിന്ദുപണിക്കര്‍ എന്നിവരുടെ സാക്ഷിവിസ്താരം പിന്നീടുനടക്കും. അവധി അപേക്ഷ നല്‍കാതെ വിസ്താരത്തില്‍ പങ്കെടുക്കാതിരുന്ന നടന്‍ കുഞ്ചാക്കോ ബോബനോടും നാലിന് ഹാജാരാകാന്‍ കോടതി നിര്‍ദേശിച്ചു