കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. രണ്ടാം ദിവസമായ ഇന്നും രാവിലെ 9ന് ഹാജരാകാനാണ് അഞ്ച് പ്രതികളോടും ഹൈക്കോടതി നിർദേശിച്ചിരുന്നത്. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ എങ്ങനെവേണമെന്നത് സംബന്ധിച്ച രൂപരേഖ ഇന്നലെ വൈകുന്നേരം തന്നെ തയാറാക്കിയിട്ടുണ്ട്. ആരോപണങ്ങളെല്ലാം നിഷേധിക്കുന്ന നിലപാടാണ് ആദ്യദിവസത്തെ ചോദ്യം ചെയ്യലിൽ ദിലീപിന്‍റേതെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്.
അഞ്ച് പോലീസ് സംഘങ്ങളാണ് അഞ്ച് പ്രതികളെയും വേവ്വേറെ ഇരുത്തി മൊഴിയെടുക്കുന്നത്. ഈ മൊഴികളിലെ വൈരുദ്ധ്യം മുൻ നിർത്തിയാകും രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ. എസ്പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിൽ ആണ് മൊഴി എടുക്കൽ. ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിച്ചെന്ന് എസ് പി മോഹനചന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. സൂരജ്, ബൈജു, അപ്പു എന്നിവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകൾ പിടിച്ചെടുത്തതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡിജിറ്റൽ തെളിവുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നും എസ്പി പറഞ്ഞു.