നിറങ്ങളുടെ മായക്കാഴ്ചയാണ് ദീപാവലി ആഘോഷം. ഐതിഹ്യങ്ങളും വിശ്വാസങ്ങളും നാടിനനുസരിച്ച് മാറുമെങ്കിലും പ്രകാശം നിറഞ്ഞു നിൽക്കുന്ന ദീപാവലി അലങ്കാരങ്ങളും വിളക്കുകളും എല്ലാ നാടുകളിലും ഒരേ തരത്തിലാണ്. ഒരു പ്രദേശത്തെ മുഴുവൻ വെളിച്ചത്തിന്‍റെ ലോകത്തിലേക്ക് ക്ഷണിക്കുന്ന ദീപാവലി കാലം ഉത്തരേന്ത്യക്കാർക്ക് പ്രാധാന്യം. വിശ്വാസങ്ങളുടെ കാര്യമെടുത്താൽ നരകാസുര വധം മുതൽ രാമൻ വനവാസത്തിനു ശേഷം അയോധ്യയിലേക്ക് മടങ്ങിയെത്തിയതും കാളി പൂജയും ഒക്കെ ദീപാവലി ആഘോഷങ്ങൾക്ക് പിന്നിലെ ഐതിഹ്യങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. ദീപാവലി കാലത്ത് ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഈ ആഘോഷങ്ങൾ നേരിട്ടു കാണാൻ കഴിയുന്ന വിധത്തിൽ പോയാലോ. ഇതാ ഇന്ത്യയിലെ വ്യത്യസ്തമായ ദീപാവലി ആഘോഷങ്ങള്‍ അവയുടെ പ്രത്യേകതകൾ എന്നിവ പരിചയപ്പെടാം.
ജയില്‍ മോചിമായതിന്‍റെ ബന്ദി ചോർ ദിവസ്
ഏറ്റവും വ്യത്യസ്തമായ ദീപാവലി ആഘോഷങ്ങള്‍ നോക്കിയാൽ അതിലൊന്നാമത്തെയാണ് പഞ്ചാബിലെ അമൃത്സറിൽ ആഘോഷിക്കുന്ന ബന്ദി ചോര് ദിവസ്. സിഖുകാരെ സംബന്ധിച്ചെടുത്തോളം വളരെ പ്രാധാന്യം ഈ ദിവസത്തിനുണ്ട്. മാത്രമല്ല അവരുടെ സ്വാതന്ത്ര്യത്തിന്റെ ആഘോഷം കൂടിയാണ് ഈ ദിവസവും. ഗുരു നാനാക്കിന്റെ ജനപ്രീതിയിൽ ഭയന്ന് മുഗൾ രാജാവായ ജഹാംഗീർ അദ്ദേഹത്തെ തടവിലാക്കി. പിന്നീട് അദ്ദേഹത്തെ ഗ്വാളിയാര് കോട്ടയിൽ നിന്ന് സ്വതന്ത്ര്യമാക്കിയ ദിവസമാണ് അവർ ബന്ദി ചോർ ദിവസ് ആയി ആചരിക്കുന്നത്. അന്നേ ദിവസം അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ നിറയെ ദീപങ്ങൾ അലങ്കരിച്ചുള്ള കാഴ്ച കാണേണ്ടത് തന്നെയാണ്.
കാളി പൂജ, കൊൽക്കത്ത
സാധാരണ ലക്ഷ്മി ദേവിയെയാണ് ദീപാവലിക്ക് ആരാധിക്കുന്നതെങ്കിൽ കിഴക്കേ ഇന്ത്യയിലേക്ക് വരുമ്പോൾ അത് കാളി ദേവിക്കായുള്ള ആഘോഷമാകും. പശ്ചിമ ബംഗാൾ, ഒഡീഷ, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ ശ്യാമ പൂജ എന്ന കാളി പൂജയ്ക്കാണ് പ്രാധാന്യം നല്കുന്നത്. ദുരിതങ്ങളും തിന്മയും ജീവിതത്തില്‍ നിന്നു മാറുവാനും ഐശ്വര്യം വരുവാനും കാളി പൂജ നടത്തിയാൽ മതിയെന്നാണ് വിശ്വാസം. രാത്രി കാലങ്ങളിലാണ്. പൊതുവേ കാളിപൂജ നടക്കുന്ന സമയം. രാത്രിയിലെ പൂജയ്ക്കു പുറമേ കലാപരിപാടികൾ, കരിമരുന്ന് പ്രകടനം, കാളി പൂജാ പന്തലുകള്‍ എന്നിവ ഇവിടെയുണ്ട്.
കല്ലുപെറുക്കിയെറിയുന്ന പഥർ കാ മേള
ഏറ്റവും വ്യത്യസ്തമായ ദീപാവലി ആഘോഷങ്ങളിൽ ഒന്നാണ് ഹിമാചൽ പ്രദേശിലെ പഥർ കാ മേള. ധാമി എന്ന സ്ഥലത്തു നടക്കുന്ന ഈ വ്യത്യസ്തമായ ആഘോഷത്തിൽ ആളുകൾ രണ്ടു സംഘമായി തിരിഞ്ഞ് മുറിവേൽക്കുന്ന വിധത്തിൽ കല്ലുകളെറിയും. എന്നിട്ട് മുറിവേറ്റർ തങ്ങളുടെ രക്തമെടുത്ത് അടുത്തുള്ള ക്ഷേത്രത്തിലെ കാളിക്ക് തിലകമായി സമർപ്പിക്കും. പണ്ടുകാലത്ത് ഇവിടെ നരബലി നിലനിന്നിരുന്നുവെന്നും അതിന്‍റെ ഓർമ്മയ്ക്കായാണ് ഈ കല്ലെറിയൽ നടത്തുന്നത് എന്നുമാണ് വിശ്വാസം.
ദേവ് ദീപാവലി,വാരണാസി
ഒരുപാട് ചടങ്ങളും ആചാരങ്ങളും ഉള്ള ആഘോഷമാണ് വാരണാസിയിലെ ദേവ് ദീപാവലി. ദീവാലിയുടെ തനതായ ചടങ്ങളും പൂജകളും പരിചയപ്പെടുവാന് ഇവിടേക്ക് വരാം. ഗംഗയിൽ സ്നാനം നടത്താനും ഇവിടുത്തെ പ്രാദേശിക രുചികൾ പരിചയപ്പെടാനും ഒപ്പം ഗംഗാ ആരതി പോലുള്ള ചടങ്ങളുകൾ അറിയാനും ഒക്കെ സാധിക്കുന്ന ഒരു യാത്രയാക്കി ദീപാവലിക്കാലത്തെ വാരണാസി യാത്രയെ മാറ്റിയെടുക്കാം. ഗംഗാ മഹോത്സവത്തിന്റെ ഭാഗമായുള്ള ദേവ് ദീപാവലി ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.
ജന്മനാട്ടിലേക്ക് ശ്രീരാമനെ സ്വീകരിക്കുന്ന അയോധ്യയിലെ ദീപാവലി
ദീപാവലിയുടെ വർണ്ണശബളമായ കാഴ്ചകൾ കാണാൻ പറ്റിയ സ്ഥലമാണ് അയോദ്ധ്യ. വനവാസം കഴിഞ്ഞ് തന്റെ രാജ്യത്തേയ്ക്ക് തിരികെ വരുന്ന ശ്രീരാമനെ ജനങ്ങൾ ആഘോഷപൂർവ്വം എതിരേൽക്കുന്ന കാഴ്ചയാണ് അയോധ്യയിലെ ദീപാവലി കാലത്തിന്റെ ചരിത്രം. ഓരോ ദീപാവലി കാലത്തും അയോധ്യ മുഴുവൻ ദീപങ്ങളാൽ ഒരുങ്ങും. സരയൂ നദിയുടെ തീരത്തും ദീപങ്ങൾ തെളിച്ചു വച്ചിരിക്കുന്ന കാഴ്ച കാണാം.