റാന്നി: ജണ്ടായിക്കൽ – അത്തിക്കയം റോഡിൻ്റെ നിർമ്മാണത്തിലുണ്ടായ അപാകതകൾ പരിഹരിച്ച് മൂന്നുമാസത്തിനകം നിർമ്മാണം പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ നിർദ്ദേശിച്ചു. റോഡ് സന്ദർശിച്ച ശേഷമാണ് അദ്ദേഹം കരാറുകാരനെ വിളിച്ചുവരുത്തി കർശന നിർദ്ദേശം നൽകിയത്. നാല് കോടി രൂപ ചിലവഴിച്ചാണ് ജണ്ടായിക്കൽ -അത്തിക്കയം റോഡ് നേരത്തെ പുനരുദ്ധരിച്ചത്. എന്നാൽ നിർമാണത്തിലെ അപാകത മൂലം റോഡിൻ്റെ പല ഭാഗങ്ങളും ഇളകി മാറി റോഡ് സഞ്ചാരയോഗ്യമല്ലാതായി തീർന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് ക്വാളിറ്റി വിഭാഗം റോഡ് സന്ദർശിച്ച് സാമ്പിൾ ശേഖരിച്ച് വിശദമായ പരിശോധന നടത്തി. തുടർന്ന് അപാകത പറ്റിയ ഭാഗങ്ങൾ പൊളിച്ചുമാറ്റി പുനരുദ്ധരിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉത്തരവിടുകയായിരുന്നു.
റോഡ് പുനരുദ്ധരിക്കുന്നതിനായി ഇളകിയ ഭാഗം പൊളിച്ചുമാറ്റിയെങ്കിലും ഇവിടെ നിർമ്മാണ പ്രവർത്തികൾ വൈകി. ഇതോടെ യാത്രക്കാർ അനുഭവപ്പെടുന്ന ബുദ്ധിമുട്ട് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും പൊതുമരാമത്ത് ചീഫ് എൻജിനീയറുടേയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ് ചീഫ് എൻജിനീയർ നേരിട്ട് സ്ഥല പരിശോധന നടത്തി അടിയന്തരമായി റോഡ് പുനരുദ്ധരിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. റോഡിന്‍റെ ലെവൽസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ എടുത്ത് ചീഫ് ടെക്നിക്കൽ എക്സാമിനർക്ക് കൈമാറും അവിടുന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണം ആരംഭിക്കും. ഇതിനിടയിൽ റോഡ് പൊളിഞ്ഞ ഭാഗങ്ങളിൽ തകരാറായ പൈപ്പ് ലൈനുകൾ അറ്റപ്പണി ചെയ്യുന്നതിന് നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി.