കോന്നി: കൂറുമാറിയ കോന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ജിജി സജിയെ അയോഗ്യയാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ശരിവെച്ച ഹൈകോടതി വിധിക്കെതിരെ ജിജി സജി നൽകിയ റിട്ട് ഹൈക്കോടതി തള്ളി. കോടതിയിൽ നൽകിയ രേഖകളിൽ നിന്ന് തന്നെ അവർ യു ഡി എഫ് സ്ഥാനാർത്ഥിയായി ജയിച്ചു വന്ന ആളാണെന്നു ബോധ്യപ്പെട്ടതായും കോടതി ചൂണ്ടിക്കാട്ടി. 2022 ലാണ് യു ഡി എഫ് സ്ഥാനാർത്ഥിയായി ജയിച്ചു വന്ന ജിജി സജി വിപ്പ് മറികടന്നു യു ഡി എഫ് വിട്ട് എൽ ഡി എഫിലേക്ക് വന്നത്ത്. എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ അന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. അവിശ്വാസ വോട്ടെടുപ്പിനു വന്നപ്പോൾ കോൺഗ്രസ് നേതൃത്വം വിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് ജിജി സജി അവിശ്വാസത്തിന് അനുകൂല നിലപാട് സ്വീകരിച്ചു.
ഇടതു പിന്തുണയോടെ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതോടെ 13 അംഗ കോന്നി ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫിനും യുഡിഎഫിനും ആറംഗങ്ങൾ വീതമായി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ്- ഏഴ്, എൽഡിഎഫ്- ആറ് എന്നിങ്ങനെയായിരുന്നു കക്ഷി നില. യുഡിഎഫിൽനിന്ന് ഒരംഗം കൂറുമാറിയതോടെ യു ഡി എഫ് അംഗബലം ആറായി കുറഞ്ഞിരുന്നു. ഇരുഭാഗത്തും അംഗങ്ങൾ ഒരുപോലെയായതോടെ പുതിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിനെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുകയായിരുന്നു. ജിജി സജി വിപ്പ് ലംഘിച്ചതായി ചുണ്ടി കാട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയിരുന്നു. തുടർന്ന്തിരഞ്ഞെടുപ്പ് കമ്മീഷൻ ജിജി സജിയെ അയോഗ്യക്കി. 6 വർഷം തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നും തിരെഞ്ഞെടുപ്പ് കമ്മീഷൻ ജിജി സജിയെ അയോഗ്യക്കിയിരുന്നു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ യു ഡി എഫിലെ എം വി അമ്പിളി വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.