പുതുച്ചേരി : കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹത്തോട് അനാദരവ്. ഒറ്റപ്പെട്ട പ്രദേശത്തെ കുഴിയിലേയ്ക്ക് സ്ട്രെച്ചറില്‍ നിന്ന് മൃതദേഹം എറിഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെയാണ് ജീവനക്കാര്‍ മൃതദേഹം കൈകാര്യം ചെയ്തത്. പരിചയക്കുറവ് കാരണം പറ്റിയ വീഴ്ചയെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. നീതി നിഷേധിക്കപ്പെട്ടെന്ന് മരിച്ച ചെന്നൈ സ്വദേശിയുടെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം സംസ്കരിച്ചെന്നാണ് അധികൃതര്‍ വീട്ടുകാരെ ധരിപ്പിച്ചത്. എന്നാല്‍ ജീവനക്കാരില്‍ ഒരാള്‍ തന്നെ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ഗുരുതരമായ അനാസ്ഥ വെളിച്ചത്തായത്. ചെന്നൈ സ്വദേശിയായ 44- കാരന്‍ വ്യാഴാഴ്ചയാണ് മരിച്ചത്. ചെന്നൈയില്‍ നിന്ന് പുതുച്ചേരിയിലെ ബന്ധുവീട്ടില്‍ എത്തിയതാണ് ഇയാള്‍. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന് നടത്തിയ കൊവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി. ആശുപത്രി ആംബുലന്‍സിലാണ് മൃതദേഹം എത്തിച്ചത്. സ്ട്രെച്ചറില്‍ നിന്ന് മൃതദേഹം കുഴിയിലേയ്ക്ക് എടുത്തിടുകയായിരുന്നു.
സംസ്കാരത്തിനായി എത്തിയ ജീവനക്കാരോ ഉദ്യോഗസ്ഥരോ കൊവിഡ് പ്രൊട്ടോക്കോള്‍ പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചിരുന്നില്ല. മൃതദേഹം എടുത്ത ജീവനക്കാര്‍ ധരിച്ച സുരക്ഷാ കിറ്റുകള്‍ പോലും പൂര്‍ണമായിരുന്നില്ല. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മരണം ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ ജീവനക്കാര്‍ക്കുണ്ടായ പരിചയക്കുറവാണ് വീഴ്ചയ്ക്ക് കാരണമെന്നും ആരോഗ്യവകുപ്പ് വിശദീകരിച്ചു.