കോന്നി : അരുവാപുലം ഗ്രാമ പഞ്ചായത്തിലെ കൊക്കാത്തോട് പാലത്തിന്റെ അപ്രോച്ച് റോഡിനും പാലത്തിനും ഇടയിൽ ഉള്ള അകലം വർധിച്ചത് അപകടക്കെണിയാകുന്നു. അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ കൊക്കാത്തോട് പ്രദേശത്തെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നതിന് അച്ചൻകോവിൽ നദിക്ക് കുറുകെ മൂന്ന് കോടി രൂപ മുടക്കിയാണ് പാലം നിർമ്മാണം പൂർത്തീകരിച്ചത്. 2005 ൽ തറക്കല്ലിട്ട പാലം നിർമ്മാണം 2008 ൽ പൂർത്തിയാക്കി നാടിനു സമർപ്പിച്ചു. എന്നാൽ പാലവും അപ്രോച്ച് റോഡും തമ്മിൽ ഉള്ള അകലം വർധിച്ചത് ആണ് ഇപ്പോൾ അപകട കെണിയാകുന്നത്.
ഇരുചക്ര വാഹനങ്ങളുടെ അടക്കം ടയറുകൾ ഇതിനുള്ളിൽ കുടിങ്ങി അപകടം സംഭവിക്കുന്നതിനുള്ള സാധ്യത ഏറെയാണ്. എന്നാൽ പൊതുമരാമത്ത് പാലം വിഭാഗം ഈ വിടവ് നികത്തുവാൻ ആയി 6 ലക്ഷം രൂപക്കുള്ള എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്. ഇത് അനുവദിച്ചാൽ പ്രശ്നം പരിഹരിക്കാൻ കഴിയും എന്നും അധികൃതർ പറയുന്നു. പാലവും അപ്രോച്ച് റോഡും തമ്മിൽ ഉള്ള അകലം വർധിക്കുന്നത് പാലത്തിന്റെ ബലക്ഷയത്തിന് കാരണമായി തീരുമെന്ന് നാട്ടുകാർ ആശങ്കപെടുന്നു. പാലത്തിന് ബല ക്ഷയം വന്നാൽ മലയോര മേഖലയായ കൊക്കാത്തോട് പ്രദേശം ഒറ്റപെട്ട് പോകും എന്നും ഭാരം കയറ്റിയ വാഹനങ്ങൾ പോകുമ്പോൾ പാലത്തിന് വിറയൽ ആനുഭവപെടുന്നുണ്ട് എന്നും പറയുന്നു. കൊക്കാത്തോട് പ്രദേശത്ത് നിന്നും തടി കയറ്റിയ ലോറികൾ ഉൾപ്പെടെ ഈ പാലത്തിൽ കൂടി കടന്നു പോകുന്നുണ്ട്. പാലത്തിന്റെ ഈ അകൽച്ച എത്രയും വേഗം പരിഹരിക്കണം എന്നും ആവശ്യമുയരുന്നു.