തിരുവനന്തപുരം : സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി ആർ അനിൽ. ഇപ്പോൾ വിതരണം ചെയ്യുന്നതിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നത് യാഥാർഥ്യമാണ്. സാമ്പത്തിക പ്രതിസന്ധിയുമുണ്ട്. എന്നാൽ കിറ്റ് വിതരണം തുടരണമെന്നാണ് സർക്കാറിന്‍റെ നിലപാടെന്നും മന്ത്രി പറഞ്ഞു.
മുൻഗണന വിഭാഗങ്ങൾക്ക് മാത്രം നൽകിയാൽ പോരെ എന്ന് ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ സർക്കാർ എല്ലാ വിഭാഗങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം തുടങ്ങിയ 2020 ഏപ്രിൽ-മെയ് മാസങ്ങളിലാണ് സൗജന്യ കിറ്റ് നൽകിത്തുടങ്ങിയത്. കോവിഡ് ലോക്ഡൗണിൽ ജനങ്ങൾ ബുദ്ധിമുട്ടിയ കാലത്ത് ഭക്ഷ്യക്കിറ്റ് വിതരണം വലിയ ആശ്വാസമായിരുന്നു. തെരഞ്ഞെടുപ്പിൽ സർക്കാരിന് ഭരണത്തുടർച്ചക്ക് ഇതു സഹായിക്കുകയും ചെയ്തു. അന്നുമുതൽ ഓണക്കാലംവരെ 13 തവണയാണ് കിറ്റ് വിതരണം ചെയ്തത്. ഏതാണ്ട് 11 കോടി കിറ്റുകൾ നൽകി.