തിരുവല്ല: തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷം ഇടതു പക്ഷ സ്ഥാനാർത്ഥി കെ ഡെസ്ക് വഴിയും കുടുംബശ്രീ വഴിയും ഹരിതകർമ്മ സേന വഴിയും സർക്കാർ സഹായം കിട്ടുന്ന ഈ മൂന്ന് ഏജൻസികൾ വഴിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുക വഴി സർക്കാർ സംവിധാനം ദുർവിനിയോഗം ചെയ്യുന്നത് സംബന്ധിച്ച് യുഡിഎഫ് തെളിവ് സഹിതം നൽകിയ പരാതിയിൽ കേവലം നടപടി എടുത്തു എന്ന് വരുത്തുന്നതിന് വേണ്ടി മാത്രമെ ജില്ലാ ഭരണകൂടം ശിക്ഷാ നടപടി നൽകിയിട്ടുള്ളൂ എന്ന് യുഡിഎഫ് കേന്ദ്ര തെരെഞ്ഞടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ പറഞ്ഞു.
താക്കീത് നൽകുക എന്നത് കേവലം ലഘുവായ പെരുമാറ്റച്ചട്ട ലംഘനത്തിന്റെ നടപടിയാണ്. ഈ കാര്യത്തിൽ കൂടുതൽ നടപടിയാണ് വേണ്ടിയിരുന്നത്. താക്കീത് നൽകിയതിന് ശേഷവും കുടുംബശ്രീ, ഹരിതകർമ്മ സേന പ്രവർത്തകരെയും വീണ്ടും തെരഞ്ഞെടുപ്പ് വേദിയിലേക്കിറക്കുന്ന തെളിവുകളും ശബ്ദരേഖകളും പുറത്ത് വന്നിരിക്കുകയാണ്. കെ ഡെസ്കിൻ്റ 50 ഓളം വോളൻ്റിയൻമാർ ഇപ്പോഴും തൊഴിൽ വാഗ്ദാനങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്. നവ മാധ്യമങ്ങളിൽ കൂടി പ്രചാരണം നടത്തുന്നതും ജില്ലാ ഭരണകൂടത്തിൻറെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാർ നിയമാനുസരണമായി അനുവദിച്ച എംപി ലാഡ് സ്കിം വഴി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ആൻ്റോ ആൻറണി എം പിയുടെ പേര് പതിച്ചു എന്നതിൻ്റെ പേരിൽ പേര് മറയ്ക്കുവാൻ നൽകിയ ഉത്തരവ് അങ്ങേയറ്റം പരിഹാസ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജില്ലയിലെ ഒരു മന്ത്രിയും നാല് എംഎൽഎമാരും അവരുടെ മണ്ഡലങ്ങളിലെ കാത്തിരുപ്പ് കേന്ദ്രങ്ങളിൽ വലിയ അക്ഷരങ്ങളിൽ പതിച്ച പേര് നിലനിൽക്കെയാണ് ആൻ്റോ ആൻ്റണിയുടെ പേര് മാത്രം മറയ്ക്കുവാൻ ജില്ലാ ഭരണ കൂടം നിർദ്ദേശിച്ചത് പക്ഷപാതവും നീതി രഹിതവുമാണെന്ന് വർഗീസ് മാമ്മൻ കുറ്റപ്പെടുത്തി.