പാലക്കാട് : പാലക്കാട് 38കാരിയ്ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാ ഭരണകൂടം. പ്രദേശത്തെ ആരാധനാലയങ്ങൾ അടച്ചിടാനും പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥന ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. യുവതിയുടെ സമ്പർക്ക പട്ടികയിലുള്ള ആരും ചികിത്സയിലില്ല. യുവതിയുടെ 3 മക്കൾക്കും നിലവിൽ പനിയില്ല. വീട്ടുകാർ, അയൽവാസികൾ, നാട്ടുകാർ എന്നിവരും ഹൈറിസ്ക് പട്ടികയിലാണ് ഉൾപ്പെടുന്നത്. പാലക്കാട് തച്ചനാട്ടുകര സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിൽ നിന്നുള്ള 38 കാരിയുടെ പരിശോധന ഫലം പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചതോടെ മേഖലയിൽ നിയന്ത്രണമേർപ്പെടുത്തി. രോഗിയുടെ സമ്പർക്കപ്പട്ടികയിലെ നൂറിലധികം പേർ ഹൈറിസ്ക് സമ്പർക്ക പട്ടികയിലാണ്. യുവതി നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 20 ദിവസം മുമ്പാണ് ഇവർക്ക് പനി തുടങ്ങിയത്. വീടിന് സമീപത്തെ ക്ലിനിക്ക് അടക്കം 3 ഇടങ്ങളിലാണ് ചികിത്സ നേടിയത്. യുവതി മക്കൾക്കൊപ്പമാണ് താമസിക്കുന്നത്. ഭർത്താവ് വിദേശത്താണ്. നിലവിൽ നാട്ടിലെത്തിയിട്ടുണ്ട്.
സമീപത്തുള്ളതെല്ലാം കുടുംബ വീടുകളാണെന്നതിനാൽ സമ്പർക്കപ്പട്ടിക നീളാനാണ് സാധ്യത. യുവതിയുടെ സമ്പർക്ക പട്ടികയിലുള്ള ആരും നിലവിൽ ചികിത്സയിലില്ല. 3 മക്കൾക്കും നിലവിൽ രോഗലക്ഷണങ്ങളില്ല. വീട്ടുകാർ, അയൽവാസികൾ, നാട്ടുകാർ എന്നിവരും ഹൈറിസ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കും മുമ്പ് യുവതി മണ്ണാർക്കാട്, പാലോട്, കരിങ്കല്ലത്താണി എന്നിവിടങ്ങളിലെ സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സ തേടിയിരുന്നു. നാട്ടുക്കൽ കിഴക്കുംപറം മേഖലയിലെ 3 കിലോമീറ്റർ പരിധി കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു.