റാന്നി : അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ നേതൃത്വം നല്‍കുന്ന റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി നിയോജകമണ്ഡലത്തിലെ 10, 12 ക്ലാസുകളില്‍ മികവ് തെളിയിച്ച കുട്ടികള്‍ക്ക് വിവിധ മേഖലകളിലെ പ്രഗത്ഭരുമായി ഓണ്‍ലൈനിലൂടെ സംവദിക്കാന്‍ അവസരം നല്‍കുന്ന മീറ്റ് ദി മാസ്റ്റേഴ്സ് പ്രോഗ്രാമിന്റെ ഉദ്ഘാടന ചടങ്ങാണ് ശ്രദ്ധനേടി.
ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ മീറ്റ് ദി മാസ്‌റ്റേഴ്‌സ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ ചോദ്യങ്ങളുടെ ആഴം വലുതാണെന്ന ബോധ്യം കളക്ടറും എംഎല്‍എയും പങ്കുവച്ചു. അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ മോഡറേറ്ററായിരുന്ന പരിപാടി എംഎല്‍എയുടെ ഫെയിസ് ബുക്ക് പേജിലൂടെ തല്‍സമയ സംപ്രേക്ഷണം ചെയ്തു. കലയെയും പഠനത്തെയും കുട്ടിക്കാലത്ത് എങ്ങനെ മുന്നോട്ടുകൊണ്ടുപോയി എന്ന ആദ്യ ചോദ്യശരം ഗായത്രി ജയരാജിന്റെയായിരുന്നു. കുട്ടിക്കാലത്ത് പഠനത്തിലും ഒപ്പം പാട്ട്, നൃത്തം, കഥ രചനാ മത്സരം തുടങ്ങി വിവിധ മേഖലകളിലും ജിജ്ഞാസ സത്തമായ മനസോടെ പ്രത്യേക ശ്രദ്ധ നല്‍കി സ്വപ്‌നങ്ങള്‍ നെയ്‌തെടുത്തതായി കളക്ടര്‍ പറഞ്ഞു.
ജീവിത വിജയം എന്ന സ്വപ്നമാണ് നെയ്തതെന്ന നിരീക്ഷണത്തിലേക്ക് കളക്ടര്‍ കടന്നപ്പോള്‍, അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ അധ്യാപകവൃത്തി എന്ന ഗുരുത്വത്തില്‍ അധിഷ്ഠിതമായ ശ്രേഷ്ടമായ ജോലിയെക്കുറിച്ചും വിദ്യാര്‍ഥി – അധ്യാപക ബന്ധത്തെകുറിച്ചും ചിലത് കൂട്ടിചേര്‍ത്തു. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് ആധുനിക പഠനസങ്കേതങ്ങള്‍ ലഭ്യമാണ്. ഇത് വിദ്യാധനത്തെ പോഷിപ്പിക്കുന്നതലത്തില്‍ വളര്‍ത്തിയെടുക്കാന്‍ വിദ്യാര്‍ഥികള്‍ ഉത്തമ ബോധ്യത്തോടെ കടന്നുവരണമെന്ന് എംഎല്‍എ പറഞ്ഞു.
തങ്ങളുടെ ജീവിതത്തില്‍ അര്‍ജിച്ച അറിവുകള്‍ ജില്ലാ കളക്ടറും എംഎല്‍എയും വിദ്യാര്‍ഥികള്‍ക്കായി പങ്കുവച്ചു. ജീവിത വിജയത്തിന് നാം പ്രാവര്‍ത്തികമാക്കേണ്ട പ്രവര്‍ത്തന രീതിയെക്കുറിച്ചായിരുന്നു അത്. വസ്തുനിഷ്ഠവും വിജ്ഞാനപ്രദവുമായ പുസ്തകങ്ങളുടെ പരന്ന വായന അനിവാര്യമാണ്. ഇതില്‍നിന്നും ജീവിത അനുഭവ താളുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് നാളേക്കായി സ്വപ്നങ്ങള്‍ കണ്ട് ജീവിത വിജയം നേടാന്‍ കര്‍മ്മശേഷി കൈവരിക്കണം. കുട്ടികള്‍ തങ്ങളുടെ കഴിവുകളെ സ്വയം കണ്ടെത്തുന്ന നിലയുണ്ടാകണം. സ്വയം കണ്ടെത്തുന്ന അറിവുകളെ പരിപോഷിപ്പിച്ച് കര്‍മ്മപഥത്തില്‍ പ്രാപ്തമാക്കണമെന്നും കളക്ടര്‍ പറഞ്ഞു.
സംവാദം സജീവമായി ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ്.എസ് വള്ളിക്കോട് സ്വാഗതവും, ദേശീയ പുരസ്‌ക്കാരങ്ങള്‍ ഉള്‍പ്പെടെ നേടിയ അധ്യാപകന്‍ സാബു പുല്ലാട് നന്ദിയും പറഞ്ഞു. 600 കുട്ടികള്‍ ഓണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുത്തു. മീറ്റ് ദി മാസ്റ്റേഴ്സ് പ്രോഗ്രാമില്‍ ഇനിയുള്ള ദിവസങ്ങളില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗത്ഭ വ്യക്തികള്‍ കുട്ടികളുമായി സംവദിക്കാന്‍ എത്തും. വിദ്യാഭ്യാസം, കല, കായികം, ശാസ്ത്രം, സാങ്കേതിക വിദ്യ, കൃഷി, തുടങ്ങി എല്ലാ മേഖലയിലെയും ഏറ്റവും മികച്ച വ്യക്തികളാകും കുട്ടികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനെത്തുക. നിയോജക മണ്ഡലത്തിലെ നഴ്‌സറി മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖല വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുന്ന വിധമാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്.