കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ജില്ലാകളക്ടര്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ജീവനക്കാരില്‍ നിന്ന് കളക്ടര്‍ വിവരങ്ങള്‍ ശേഖരിച്ചു. ജുഡിഷ്യല്‍ അന്വേഷണം വേണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. ഇന്നലെ തന്നെ സംഭവസ്ഥലം സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കി തുടങ്ങിയിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് കൈമാറും എന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുള്ളത്.
പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തില്‍ ആളുകളെ പ്രവേശിപ്പിച്ചതെങ്ങനെ, ബാത്ത്‌റൂം കോംപ്ലക്‌സ് ഉപയോഗിക്കുന്നതിനായി തുറന്നു കൊടുത്തതെങ്ങനെ തുടങ്ങിയ ചോദ്യങ്ങള്‍ പ്രധാനപ്പെട്ടതായിരുന്നു. സൂപ്രണ്ട് പറഞ്ഞതുപ്രകാരമാണെങ്കില്‍ ബാത്ത്‌റൂം കോംപ്ലക്‌സ് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഓപ്പറേഷന് ശേഷമുള്ള രോഗികള്‍ക്ക് ദൂരെ സ്ഥലത്തേക്ക് മാറി ബാത്ത് റൂം ഉപയോഗിക്കാന്‍ പോകാനുള്ള ബുദ്ധിമുട്ടുണ്ട്. ഇത് കാരണം രോഗികള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ബാത്ത്‌റൂം തുറന്നു നല്‍കിയത് എന്നാണ് കളക്ടര്‍ ഇന്നലെ വ്യക്തമാക്കിയത്.