പത്തനംതിട്ട : വേനല്‍ ചൂട് വര്‍ധിക്കുമെന്ന കേന്ദ്രകാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം താഴെപറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാകളക്ടര്‍ അറിയിച്ചു. ചൂട് കൂടുതല്‍ അനുഭവപ്പെടുന്ന പകല്‍ 11 മുതല്‍ മൂന്ന് വരെയുള്ള സമയം വെയില്‍ നേരിട്ടേല്‍ക്കാന്‍ ഇടവരുന്ന രീതിയിലുള്ള തുറന്ന വാഹനങ്ങളിലെ പ്രചാരണം, ബൈക്ക് റാലി, തുറന്ന മൈതാനങ്ങളിലും റോഡ് വശങ്ങളിലും സംഘടിപ്പിക്കുന്ന സമ്മേളനങ്ങള്‍ എന്നിവ ഒഴിവാക്കുക. അടച്ചിട്ട ഹാളുകളില്‍ സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ ഫാനുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നും ആവശ്യത്തിന് വായുസഞ്ചാരം ഉണ്ടെന്നും ഉറപ്പുവരുത്തണം. നിര്‍ജലീകരണം ഒഴിവാക്കുന്നതിനായി ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയുക.
പകല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെടുന്നവര്‍ കുടിവെള്ളം കയ്യില്‍ കരുതുകയോ ഇല്ലെങ്കില്‍ നിശ്ചിത സമയം ഇടവിട്ട് ഉപ്പിട്ട നാരങ്ങാ വെള്ളം സംഭാരം, കരിക്കിന്‍ വെള്ളം, ഒആര്‍എസ് എന്നിവ കുടിക്കണം. നിര്‍ജലീകരണത്തിന് കാരണമാകുന്ന ചായ, കോഫി, സോഫ്റ്റ് ഡ്രിങ്കുകള്‍, മദ്യം എന്നിവ പൂര്‍ണമായും ഒഴിവാക്കുക. പുറത്തിറങ്ങുമ്പോള്‍ അയഞ്ഞതും കട്ടികുറഞ്ഞതും ഇളം നിറത്തിലുള്ളതും കൈകള്‍ പൂര്‍ണ്ണമായി മറയുന്നതരത്തിലുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കുക. സൂര്യപ്രകാശവുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതിനായി കുടയോ തൊപ്പിയോ, ഗ്ലാസ്/കൂളിംഗ് ഗ്ലാസ് എന്നിവ ധരിക്കുക. വെയിലത്തുകൂടി സഞ്ചരിക്കുന്നവര്‍ കഴുത്തിന് പിന്‍വശം ഷാളോ തൂവാലയോ തോര്‍ത്തോ ഉപയോഗിക്കണം. ശരീരത്തിന് വല്ലായ്മ തോന്നുകയോ ബോധക്ഷയം അനുഭവപ്പെടുകയോ ചെയ്താല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം. കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യണമെന്നും കളക്ടര്‍ അറിയിച്ചു.