പത്തനംതിട്ട : ആരോഗ്യമന്ത്രിയുടെ നാട്ടിലെ ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രാഥമിക പരിശോധനയ്ക്ക് ലാബ് പോലുമില്ല. സൂപ്രണ്ട് തസ്തികയും കിടത്തിച്ചികിത്സയ്ക്കായി 25 കിടക്കകളുമുള്ള ആശുപത്രിയെ ആണ് ഹോമിയോപ്പതി വകുപ്പ് ജില്ലാ ആശുപത്രിയായി കണക്കാക്കുന്നത്. ഇത്രയും സൗകര്യങ്ങളും ജീവനക്കാരുമുള്ള ആശുപത്രി പത്തനംതിട്ടയിലില്ല. ഹോമിയോപ്പതി വകുപ്പിന്റെ ജനകീയ ചികിത്സാ ക്ലിനിക്കുകളായ സദ്ഗമയ, സീതാലയം, ജീവിതശൈലീരോഗ നിയന്ത്രണ ക്ലിനിക്ക്, വന്ധ്യതാനിവാരണ ക്ലിനിക്ക് തുടങ്ങിയവയെല്ലാം ജില്ലാ ആസ്ഥാനത്ത് വിപുലമായ പരിശോധനാ സൗകര്യങ്ങളോടെ ആശുപത്രി നിർമിച്ച് അവിടേക്ക് മാറ്റണമെന്ന ആവശ്യം ബന്ധപ്പെട്ടവരുടെ പരിഗണനയിൽ പോലുമില്ല.
റാന്നി കൊറ്റനാട് പഞ്ചായത്തിലെ വെള്ളയിൽ പ്രവർത്തിക്കുന്ന ആശുപത്രിരേഖകളിൽ മാത്രമാണ് ജില്ലാ ഹോമിയോ ആശുപത്രി. എട്ട് ഡോക്ടർമാരുടെ സേവനം ലഭ്യമാണെങ്കിലും ദിവസവും ഒ.പി.യിൽ ചികിത്സതേടിയെത്തുന്നത് 100 മുതൽ 110 രോഗികൾവരെ മാത്രമാണ്. രോഗ നിർണയത്തിനായി ലാബുപോലുമില്ലാത്ത ഇവിടെ 10 രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യങ്ങളേയുള്ളൂ. 28 ജീവനക്കാർ ആശുപത്രിയിലുണ്ടെങ്കിലും അതിനനുസരിച്ചുള്ള ഭൗതികസാഹചര്യങ്ങൾ ഒന്നുമില്ല. വന്ധ്യതാനിവാരണ ചികിത്സയും സ്ത്രീകളുടെ മാനസികാരോഗ്യത്തിന് ഊന്നൽ നൽകുന്ന സീതാലയം ക്ലിനിക്കും പന്തളം ഡിസ്‌പെൻസറിയിലാണ്. ഹോമിയോപ്പതിയിലെ ഏറ്റവും ജനകീയമായ ഈ ചികിത്സാ വിഭാഗങ്ങളിൽ ധാരാളം പേരെത്തുന്നുണ്ടെങ്കിലും ജില്ലയുടെ എല്ലാ ഭാഗത്തുമുള്ളവർക്ക് പന്തളത്തേക്ക് എത്താനാകുന്നില്ലെന്ന പരിമിതി ബാക്കിയാണ്. കുട്ടികളിലെ പഠന – പെരുമാറ്റ വൈകല്യങ്ങൾ പരിഹരിക്കുന്നതിനായി ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച ചികിത്സാവിഭാഗമാണ് സദ്ഗമയ. ജില്ലയിലെ സദ്ഗമയ കേന്ദ്രം പ്രവർത്തിക്കുന്നത് കൊടുമൺ ഡിസ്പെൻസറിയിലാണ്.