പത്തനംതിട്ട: കോവിഡ് പരിശോധനാ ഫലം പുറത്തു വരുന്നതിനു മുമ്പ് പ്രത്യേക താല്‍പ്പര്യമെടുത്ത് മൃതദേഹം വിട്ടു നൽകുകയും തുടര്‍ന്ന് ലഭിച്ച പരിശോധനാ ഫലത്തിലൂടെ കോവിഡ് രോഗം സ്ഥിരീകരിക്കുകയും ചെയ്തെങ്കിലും ആ വിവരം കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി സൂപ്രണ്ട് മേലധികാരികളില്‍ നിന്നും മറച്ചുവെച്ചു. അഞ്ച് ദിവസത്തിലധികം ജില്ലാ കളക്ടറെയോ ഡി.എം.ഒ യെയോ ഈ വിവരം സൂപ്രണ്ട് അറിയിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിവരം അറിഞ്ഞെങ്കിലും സൂപ്രണ്ടിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. വിവരം ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ പോലും അറിയിക്കാതെ ഡി.എം.ഓ ഫയല്‍ മുക്കി. വിവരാവകാശ പ്രവര്‍ത്തകന്‍ റഷീദ് ആനപ്പാറക്ക് ലഭിച്ച വിവരാവകാശ രേഖയിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്.
മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ ആറന്മുള എം.എൽ.എ.വീണാ ജോർജ്ജ് കളക്ടർക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കളക്ടർ ഡി.എം.ഒ യോട് വിശദീകരണം തേടിയപ്പോഴാണ് ആശുപത്രി സൂപ്രണ്ട് സത്യം പുറത്തു പറഞ്ഞതെന്നും വിവരാവകാശ രേഖയിലൂടെ വ്യക്തമാകുന്നു. അപേക്ഷകനും കേരള ജനവേദി സംസ്ഥാന പ്രസിഡൻറുമായ റഷീദ് ആനപ്പാറ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി, കളക്ട്രേറ്റ് ,ജില്ലാ മെഡിക്കൽ ഓഫീസ് എന്നീ ഓഫീസുകളിലെ വിവരാവകാശ ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച മറുപടിയിലൂടെയാണ് ഈ വിവരങ്ങൾ വെളിവാകുന്നത്.
2020 ജൂലൈ 8ന് മരണമടഞ്ഞ നാറാണംമൂഴി – കൊച്ചുകുളം പള്ളിക്കൽ വീട്ടിൽ മറിയാമ്മ ചാക്കോയുടെ(80) മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു. മരണശേഷമുള്ള സ്രവം കോവിഡ് പരിശോധനയ്ക്കയച്ചെങ്കിലും പരിശോധനാ ഫലം വരുന്നതിനു മുമ്പ് ജൂലൈ 11ന് മൃതദേഹം ബന്ധുക്കൾക്കു വിട്ടുനല്‍കി. മൃതദേഹം സംസ്കരിച്ചു കഴിഞ്ഞതിനു ശേഷമാണ് മരണമടഞ്ഞ ആൾ കോവിഡ് രോഗിയാണെന്ന ഫലം വന്നത് .
കോവിഡ് പ്രോട്ടോകോൾ പാലിക്കാതെയാണ് മൃതദേഹം സംസ്കരിച്ചത്. എന്നാല്‍ 5 ദിവസം കഴിഞ്ഞിട്ടും ഈ വിവരം ഡി.എം.ഒ യെയോ ജില്ലാ കളക്ടറെയോ ആശുപത്രി അധികൃതർ അറിയിച്ചിരുന്നില്ല. സംഭവം മാധ്യമങ്ങൾ വാർത്തയാക്കി. ഇതറിഞ്ഞ് ആറന്മുള എം.എൽ.എ.വീണാ ജോർജ്ജ് ജൂലൈ 17ന് ജില്ലാ കളക്ടർക്ക് പരാതി നൽകി. കളക്ടർ ഡി.എം.ഒ യോടു വിശദീകരണം തേടി. സംഭവം സത്യമാണെന്നു കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് രേഖാമൂലം സമ്മതിച്ചെന്നും ചെയ്ത തെറ്റ് മാപ്പാക്കണമെന്നാവശ്യപ്പെട്ടതായും ഇനി ആവർത്തിക്കരുതെന്നു താക്കീതു നൽകിയിട്ടുണ്ടെന്നും ഡി.എം.ഓ അറിയിച്ചു. കളക്ടറുടെ കത്തിനെ തുടർന്ന് നാറാണംമൂഴിയിൽ 73 പേര്‍ക്ക് ആൻ്റിജൻ പരിശോധന നടത്തിയതായും ഏല്ലാവര്‍ക്കും നെഗറ്റീവ് ആണെന്നും ആശുപത്രി സൂപ്രണ്ടിനെ നടപടിയിൽ നിന്നും ഒഴിവാക്കണമെന്നും കാണിച്ചു ഡി.എം.ഒ. കളക്ടർക്ക് മറുപടി നൽകി. എന്നാൽ കളക്ടർ ഇത് അംഗീകരിച്ചില്ല. ശേഷം ഡി.എം.ഒ ആരോഗ്യ വകുപ്പ് മന്ത്രിയെ പോലും വിവരം അറിയിക്കാതെ ആശുപത്രി സൂപ്രണ്ടിനെതിരെ നടപടി എടുക്കാതെ ഫയൽ ഒതുക്കുകയായിരുന്നുവെന്ന് വിവരാവകാശ രേഖ ചൂണ്ടിക്കാട്ടുന്നു.
ഈ വിവരം ഇതുവരെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിഞ്ഞിട്ടില്ലെന്ന് റഷീദ് ആനപ്പാറയുടെ ചോദ്യത്തിനു ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നും മറുപടി ലഭിച്ചു. മരണമടഞ്ഞ കോവിസ് രോഗിയുടെ പേരും മേൽവിലാസവും ഡി.എം.ഒ ഓഫീസിൽ നിന്നും കളക്ട്രേറ്റിൽ നിന്നും റഷീദ് ആനപ്പാറയ്ക്ക് നൽകിയിട്ടും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്നും വിവരം നൽകാൻ വിവരാവകാശ ഉദ്യോഗസ്ഥൻ തയാറായില്ല. മരണമടഞ്ഞവരുടെ വിവരം വ്യക്തിവിവരങ്ങളാണെന്നു പറഞ്ഞു ആശുപത്രിയിലെ വിവരാവകാശ ഉദ്യോഗസ്ഥൻ റഷീദിന്റെ അപേക്ഷ നിരസിക്കുകയായിരുന്നു. കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ സമ്മർദ്ദത്തെ തുടർന്നാണ് വിവരാവകാശ ഉദ്യോഗസ്ഥൻ തന്റെ അപേക്ഷ അകാരണമായി നിരസിച്ചതെന്നും ഇതിനെതിരെ അപ്പീൽ പോകുമെന്നും റഷീദ് ആനപ്പാറ അറിയിച്ചു.
കോവിഡ് സ്ഥിരീകരിച്ചിട്ടും ആ വിവരം ദിവസങ്ങളോളം മറച്ചുവെച്ച കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് രോഗം പടർത്താനാണ് ശ്രമിച്ചതെന്നും അവർക്കെതിരെയും സഹായികൾക്കെതിരെയും ക്രിമിനൽ കേസ് എടുക്കണമെന്നും റഷീദ് ആനപ്പാറ ആവശ്യപ്പെട്ടു. മാസ്ക്ക് വെയ്ക്കാത്തതിനാലും ക്യാററെൻ്റൻ നിയമം ലംഘിച്ചതിനാലും സാധാരണക്കാർ ഉൾപ്പെടെയുള്ള നിരവധി പേർക്കെതിരെ ജില്ലയിൽ നടപടിയെടുത്തിട്ടുണ്ട്. അത് ന്യായം തന്നെയാണ്. അത്തരക്കാരെ ശിക്ഷിക്കുകയും തെറ്റാണെന്നറിഞ്ഞിട്ടും ഗുരുതരമായ തെറ്റ് ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാത്തത് നിയമ വ്യവസ്ഥയോടുള്ള വെല്ലവിളിയാണെന്നും റഷീദ് ആനപ്പാറ ആരോഗ്യവകുപ്പ് മന്ത്രിയ്ക്കു നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.