തിരുവല്ല : തിങ്കളാഴ്ച നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് ഒരുക്കങ്ങളായി. ഉണ്ണിക്കണ്ണന്റെ പിറന്നാളിന്റെ വരവറിയിച്ച് നാടൊട്ടുക്കും പതാകദിനം നടന്നു. നഗര – ഗ്രാമവീഥികൾ ആഘോഷരാവിനായി അണിഞ്ഞൊരുങ്ങി. ഗോപൂജ, വൃക്ഷപൂജ, നദീപൂജ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചാണ് ബാലഗോകുലം ജന്മാഷ്ടമിയെ വരവേൽക്കാനൊരുങ്ങുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളിൽ പ്രാർത്ഥനയുടെയും പ്രത്യാശയുടെയും സന്ദേശങ്ങൾക്കാണ് പ്രാമുഖ്യം. ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് ആഘോഷം. ബാലഗോകുലം തിരുവല്ല താലൂക്കിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്ക് തുടക്കമിട്ട് ശ്രീവല്ലഭ ക്ഷേത്രത്തിന്മുന്നിൽ അദ്ധ്യക്ഷൻ സുധീഷ് പതാക ഉയർത്തി.
ബാലഗോകുലം താലൂക്ക് ഉപാദ്ധ്യക്ഷനും സ്വാഗതസംഘം കൺവീനറുമായ ജിനു വി, താലൂക്ക് ഭഗിനിപ്രമുഖ് പാർവതി, നഗർ ആഘോഷപ്രമുഖ് ത്രിലോക്‌നാഥ് എന്നിവർ പങ്കെടുത്തു. 26ന് വൈകിട്ട് 4ന് കാവുംഭാഗം ഏറങ്കാവ് ജംഗ്ഷനിൽനിന്ന് തുടങ്ങുന്ന മഹാശോഭയാത്ര നഗരംചുറ്റി ശ്രീവല്ലഭക്ഷേത്രത്തിൽ സമാപിക്കും. ശ്രീവല്ലഭക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ അവിൽ പ്രസാദവിതരണം നടക്കും. കാവുംഭാഗം, മുത്തൂർ, കച്ചേരിപ്പടി, ദീപാജംഗ്‌ഷൻ, എസ്.സി കവല, മാർക്കറ്റ് ജംഗ്ഷൻ, കിഴക്കേനട എന്നിവിടങ്ങളിൽ ഗോപികാ നൃത്തം ഉണ്ടായിരിക്കും.