മല്ലപ്പള്ളി : പാലക്കാത്തകിടി സെന്റ് മേരീസ് ഗവൺമെന്റ് ഹൈസ്കൂളിൽ നടന്ന ജില്ലാതല പഠനോത്സവം നാടിൻ്റെ ഉത്സവമായി മാറി. രാവിലെ 9.30 മുതൽ സ്കൂളിൽ ഒരുക്കിയ കുട്ടികളുടെ പഠനോൽപ്പന്നങ്ങളുടെ പ്രദർശനം വൈവിധ്യങ്ങൾക്കൊണ്ട് ജനശ്രദ്ധയാകർഷിച്ചു. വൈകിട്ട് കുന്നന്താനം മുക്കൂർ ജംഗ്ഷനിൽ മാസ്റ്റർ അദ്വൈത് രവീന്ദ്രനാഥിൻ്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം എസ്എസ്കെ പത്തനംതിട്ട ജില്ലാ പ്രോഗ്രാം ഓഫീസർ എ കെ പ്രകാശ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളെ മികവിലേക്ക് നയിച്ച അധ്യാപകരെയും സ്കൂളിന് മികച്ച പിന്തുണ നൽകുന്ന ബിആർസി അംഗങ്ങളെയും പിടിഎ പ്രസിഡന്റ് എസ്.വി. സുബിൻ അഭിനന്ദിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ലിജു കുമാർ, ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ജാസ്മിൻ വി, അധ്യാപിക ഷാഹിന എന്നിവർ സംസാരിച്ചു. തുടർന്ന് കഴിഞ്ഞ അക്കാദമിക വർഷം വിദ്യാലയത്തിൽ നിന്നും ക്ലാസ് മുറിയിൽ നിന്നും നേടിയ അറിവുകളും കഴിവുകളും ആഹ്ലാദത്തോടെയും അർത്ഥപൂർണ്ണമായും കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു. വിദ്യാലയ മികവ് വിളിച്ചോതുന്ന അവതരണങ്ങൾക്ക് പ്രോത്സാഹനവുമായി രക്ഷിതാക്കളും നാട്ടുകാരും ഒപ്പം ചേർന്നതോടെ ജനകീയ ഉത്സവമായി പഠനോത്സവംമാറി.
ഈ വർഷം നേടിയ മികവുകളോടൊപ്പം അടുത്ത അക്കാദമിക വർഷവും മികച്ച അക്കാദമിക പദ്ധതികൾ ഏറ്റെടുക്കുമെന്ന വിദ്യാലയത്തിൻ്റെ പ്രഖ്യാപനം കൂടിയാണ് വേദിയിൽ അരങ്ങേറിയത്. വിദ്യാർത്ഥികൾ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി പാഠഭാഗങ്ങളെ ആസ്പദമാക്കി നടത്തിയ വിവിധ കലാസാഹിത്യ പ്രകടനങ്ങൾ ജനശ്രദ്ധ ആകർഷിച്ചു. ഗണിതരൂപത്തെ അടിസ്ഥാനമാക്കിയുള്ള തിരുവാതിരകളി, മൊബൈൽ ഫോൺ ഉപയോഗത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദി നാടകം, ജലം അമൂല്യമാണെന്ന ആശയം പങ്കുവെയ്ക്കുന്ന മൂകാഭിനയം തുടങ്ങി വിവിധ തലങ്ങളിലുള്ള വിദ്യാർത്ഥികളുടെ മുപ്പതിലേറെ വൈവിദ്ധ്യമേറിയ അവതരണങ്ങളാണ് വേദിയിൽ നടന്നത്. ജില്ലാതല പഠനോത്സവത്തെ തുടർന്ന് സബ് ജില്ലാതലങ്ങളിലും സ്കൂൾതലങ്ങളിലുമായി നൂറുകണക്കിന് പഠനോത്സവങ്ങൾ പൊതു ഇടങ്ങളിൽ ജനകീയ ഉത്സവങ്ങളായി നടത്താനുള്ള തയാറെടുപ്പുകൾ ജില്ലയിൽ നടന്നുവരുന്നു.