തിരുവല്ല: മികച്ച തൊഴിലവസരങ്ങളുമായി ജില്ലാതല മെഗാ തൊഴിൽ മേള 2022 സംഘടിപ്പിക്കുന്നു. തിരുവല്ല നഗരസഭയിൽ നടപ്പിലാക്കി വരുന്ന കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ (എൻ. യു. എൽ. എം) ഭാഗമായി സൗജന്യ തൊഴിൽ പരിശീലനം പൂർത്തിയാക്കിയതും അല്ലാത്തതുമായ 18നും 35നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്കു തൊഴിൽ നൽകുക എന്ന ഉദ്ദേശത്തോടെ തിരുവല്ല നഗരസഭയുടെ ആഭിമുഖ്യത്തിൽ 2022 ജൂലൈ 30 ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചവരെ തിരുവല്ല എം.ജി.എം സ്കൂളിൽ വച്ചാണ് മെഗാ ജോബ് ഫെയർ 2022 സംഘടിപ്പിക്കുന്നത്.
മാത്യു ടി തോമസ് എംഎൽഎയുടെ അധ്യക്ഷതയിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് മെഗാ ജോബ് ഫെയറിന്റെ ഉദ്‌ഘാടനം നിർവഹിക്കുന്നതും ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്. 2026ഓടെ അഭ്യസ്ത വിദ്യരായ 20 ലക്ഷം യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിനായി കേരളസംസ്ഥാന സർക്കാർ അവിഷ്‌ക്കരിച്ച “എന്റെ തൊഴിൽ എന്റെ അഭിമാനം” എന്ന പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുക എന്ന ഉദ്ദേശത്തോടെ വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയറിൽ പത്തനംതിട്ട, അടൂർ, പന്തളം നഗരസഭകളിൽ നിന്നുള്ളവർക്കും പങ്കെടുക്കാവുന്നതാണ്.
ജോബ് ഫെയറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി നഗരസഭയുടെ വെബ്സൈറ്റ് മുഖാന്തിരം ആരംഭിച്ച രജിസ്ട്രേഷനിലൂടെ ഇതിനോടകം നിരവധി യുവജനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തിലെ പ്രമുഖരായ തൊഴിൽ സ്ഥാപനങ്ങൾ മെഗാ ജോബ് ഫെയറിൽ പങ്കെടുക്കുന്നു. മെഗാ ജോബ് ഫെയറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂലൈ 30 ന് രാവിലെ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി തിരുവല്ല നഗരസഭയ്ക്ക് സമീപമുള്ള എം.ജി.എം സ്കൂളിൽ എത്തിച്ചേരേണ്ടതാണ്. ഓരോ നഗരസഭയ്ക്കും പ്രത്യേക രജിസ്ട്രേഷൻ കൗണ്ടർ തയ്യാറാക്കിയിട്ടുണ്ട്. 30നു രാവിലെ 8.30 മുതൽ 10 മണി വരെ രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുന്നതാണ്.
ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുള്ളവരും കൗണ്ടറിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഒരു ഉദ്യോഗാർത്ഥിയ്ക്കു ഏതെങ്കിലും മൂന്ന് സ്ഥാപനങ്ങളുടെ കൗണ്ടറിൽ സന്ദർശിക്കാൻ സാധിക്കുന്നതാണ്. മഹാലക്ഷ്മി സിൽക്സ്, ബിലീവിയസ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, എ.വി.ജി മോട്ടേഴ്സ്, എൽ.ഐ.സി, ജോയ് ആലുക്കാസ്, മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ്, ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക്, ജോബ്സ് ഓമെഗാ. കോം, ഐ.ഐ.എഫ്. എൽ സമസ്ത ഫിനാൻസ് ലിമിറ്റഡ്, എസ്.ബി.ഐ ലൈഫ് ഇൻഷുറൻസ്, സ്റ്റുഡൻസ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, യൂനിമണി ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ്, എ&എസ് ഇൻഡസ്ട്രീസ്, മൈക്രോ ലാബ് ലബോറട്ടറീസ്, ഐഡിഎഫ്സി ഫസ്റ്റ് ഭാരത് ലിമിറ്റഡ്, മാക്സ് വിൻ ഗ്രൂപ്പ് ഓഫ് കമ്പനീസ്, വടക്കേമുറിയിൽ ഫിനാൻസ് കമ്പനി ഇന്ത്യ ലിമിറ്റഡ്, മാക്ട് ഇന്റർനാഷണൽ, തിരുവല്ല പോസ്റ്റൽ ഡിവിഷൻ, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയുൾപ്പെടെ 21സ്ഥാപനങ്ങൾ തൊഴിൽ മേളയിൽ പങ്കെടുക്കുന്നു. കേരളത്തിലെ പ്രമുഖ റിക്രൂട്ട്മെന്റ് സ്ഥാപനം ആയ ജോബ്സ് ഒമെഗാ. കോം മേളയിൽ പങ്കെടുത്തു വിദേശത്തേക്കുൾപ്പെടെ നിരവധി സൗജന്യ റിക്രൂട്ട്മെന്റ് നടത്തുന്നതാണ്.
ടീച്ചർമാർ, ജനറൽ ഡോക്ടർമാർ, ഐ.റ്റി സപ്പോർട്ട് എക്സിക്യൂട്ടീവ്, ഫാം ഹൗസ് വർക്കേഴ്സ്, നഴ്സ്, ബ്രാഞ്ച് മാനേജർ, റിലേഷൻഷിപ് ഓഫീസർ, അസിസ്റ്റന്റ് മാനേജർ, ലാബ് അസിസ്റ്റന്റ്, അക്കൗണ്ടന്റ് , ഫിനാൻസ് ഓഫീസർ, ഫാർമസിസ്ട്, എഡ്യൂക്കേഷണൽ കൺസൾട്ടന്റ്, ഇൻഷുറൻസ് ഓഫീസർ, ഡെവലപ്പ്മെന്റ് ഓഫീസർ തുടങ്ങി നിരവധി മേഖലകളിൽ വലിയ തൊഴിൽ അവസരങ്ങൾ മെഗാ തൊഴിൽ മേളയിലൂടെ ലഭിക്കുന്നതാണ്. നഗരസഭകളിലെ കുടുംബശ്രീ സിഡിഎസ്സ് ഓഫീസുകളിലും എൻ.യു.എൽ.എം ഓഫീസുകളിൽ നിന്നും വിവരങ്ങൾ ലഭിക്കുന്നതാണ്. തിരുവല്ല നഗരസഭയിലെ എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജ്മെന്റ് യൂണിറ്റാണ് ജോബ് ഫെയറിന്റെ എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത്.