പത്തനംതിട്ട : ജില്ലാ ആസൂത്രണ സമിതി യോഗം 34 തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021 – 22 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്‍കി. നഗരസഭകളായ പത്തനംതിട്ട, അടൂര്‍, ബ്ലോക്ക് പഞ്ചായത്തിത്തുകളായ പന്തളം, റാന്നി, ഗ്രാമപഞ്ചായത്തുകളായ കുറ്റൂര്‍, നാറാണംമൂഴി, സീതത്തോട്, പ്രമാടം, റാന്നി – പെരുന്നാട്, നെടുമ്പ്രം, കല്ലൂപ്പാറ, വെച്ചൂച്ചിറ, ഏഴംകുളം, കടമ്പനാട്, റാന്നി, ചെന്നീര്‍ക്കര, തോട്ടപ്പുഴശേരി, കുന്നന്താനം, കോഴഞ്ചേരി, ചെറുകോല്‍, പള്ളിക്കല്‍, മെഴുവേലി, മലയാലപ്പുഴ, അയിരൂര്‍, റാന്നി – പഴവങ്ങാടി, കൊടുമണ്‍, അരുവാപ്പുലം, പുറമറ്റം, തുമ്പമണ്‍, ചിറ്റാര്‍, റാന്നി – അങ്ങാടി, കവിയൂര്‍, കുളനട എന്നിവയുടെയും പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും 2021 – 22 വാര്‍ഷിക പദ്ധതികളുടെ ഭേദഗതി പ്രോജക്റ്റുകളാണ് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കിയത്.
ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കളക്ടറും ജില്ലാ ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറിയുമായ ഡോ.ദിവ്യ എസ് അയ്യര്‍ സന്നിഹിതയായിരുന്നു. വാര്‍ഷിക പദ്ധതിയില്‍ ഭേദഗതി പ്രോജക്റ്റുകള്‍ക്ക് അംഗീകാരം ലഭിച്ച തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് തുടര്‍ നടപടിയിലേക്ക് കടക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ നിര്‍ദേശിച്ചു.
പത്തനംതിട്ട ജില്ലയെ രണ്ടു വര്‍ഷംകൊണ്ട് സമ്പൂര്‍ണ്ണ ശുചിത്വ ജില്ലയാക്കി മാറ്റുന്നതിനുള്ള ‘നിര്‍മ്മല ഗ്രാമം – നിര്‍മ്മല നഗരം, നിര്‍മ്മല ജില്ല, നമ്മുടെ ജില്ല’ പദ്ധതി ആസൂത്രണ സമിതി യോഗത്തില്‍ ചേര്‍ന്ന എല്ലാ തദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുത്തിട്ടുണ്ട്. തദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അവസ്ഥാരേഖ തയ്യാറാക്കുന്നതിനും, വികസന രേഖ പരിഷ്‌ക്കരിക്കുന്നതിനുമായ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിനായി ഉപസമിതിയെ യോഗം തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം ആര്‍.അജയകുമാര്‍, മുന്‍സിപ്പാലിറ്റി പ്രതിനിധി രാജി ചെറിയാന്‍ എന്നിവരെയാണ് ഉപസമിതിയിലേക്ക് തെരഞ്ഞെടുത്തത്.
മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യക്ഷമമായ മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച ‘സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം’ പദ്ധതി സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ തദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുത്തു. യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അടുത്ത ജില്ലാ ആസൂത്രണ സമിതി യോഗം ഈ മാസം 10ന് ഉച്ചകഴിഞ്ഞ് 4.30ന് ഓണ്‍ലൈനായി ചേരും.