പത്തനംതിട്ട : നിത്യജീവിതത്തിൽ പൊതുജനങ്ങൾ ഓൺലൈൻ സേവനങ്ങൾ വ്യാപകമായി ഉപയോഗിക്കുകയും സോഷ്യൽ മീഡിയയിൽ സമയം കൂടുതൽ ചിലവഴിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സാമ്പത്തിക തട്ടിപ്പുകൾക്കും മറ്റ് സൈബർ കുറ്റകൃത്യങ്ങൾക്കും കൂടുതലായി ഇരകളാകുകയും ചെയ്യുന്നു. ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ സൈബർ കുറ്റകൃത്ത്യങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുകയും മുൻകരുതൽ എന്ന നിലയ്ക്ക് ജനങ്ങൾക്ക് ബോധവൽക്കരണം നൽകുകയും ചെയ്യുന്നുണ്ട്. സൈബർ സംബന്ധമായ വിഷയങ്ങളിൽ അറിവും താൽപര്യവുമുള്ള ആളുകളെ കൂടി പങ്കെടുപ്പിച്ച് ഇത്തരം ബോധവൽക്കരണം കൂടുതൽ വ്യാപിപ്പിക്കുന്നതിനും കേരള സമൂഹത്തെ സൈബർ കുറ്റകൃത്യങ്ങളിൽ നിന്നും പരമാവധി സുരക്ഷിതമാക്കുന്നതിന്റെയും ഭാഗമായി താൽപര്യമുള്ളവരിൽ നിന്നും തെരഞ്ഞെടുക്കുന്നവരെ സൈബർ വോളന്റിയർമാരായി നിയമിക്കുന്നു.
പ്രതിഫലേച്ഛ കൂടാതെ സാമൂഹിക പ്രതിബദ്ധത ഉള്ള ആളുകളിൽ നിന്നും ഇതിനായി ജില്ലാ പോലീസ് അപേക്ഷ ക്ഷണിക്കുന്നു. അതിനായി www.cybercrime.gov.in എന്ന നാഷണൽ സൈബർ ക്രൈം പോർട്ടലിൽ ‘സൈബർ അവയർനെസ് പ്രമോട്ടർ’ എന്ന വിഭാഗത്തിലേക്ക് അപേക്ഷിക്കാവുന്നതാണ്. രജിസ്ട്രഷനോ നിയമനത്തിനോ പ്രത്യേക ഫീസില്ല. ഏത് മേഖലയിൽ ജോലി ചെയ്യുന്നവർക്കും സൈബർ സുരക്ഷ വിഷയത്തിൽ അറിവുണ്ടെങ്കിൽ അവരുടെ സൌകര്യാർഥം സമൂഹത്തിനായി സേവനം ചെയ്യാൻ കേരളാ പോലീസിനൊപ്പം അണിചേരുന്നതിന് അവസരം വിനിയോഗിക്കാം.