കോന്നി : കൊവിഡ് വകഭേദന ആശങ്കകള്‍ക്കു പിന്നാലെ പകര്‍ച്ചപ്പനിയുടെ രൂപവും ഭാവവും മാറുന്നത് ആശങ്ക സൃഷ്‌ടിക്കുന്നു. വിട്ടുമാറാത്ത പനിയെ തുടര്‍ന്ന് ആഴ്‌ചകളായി ചികിത്സയിലുള്ളവരില്‍ കലശലായ ശ്വാസതടസവും കിടുകിടുപ്പുമാണ് പുതിയ ലക്ഷണങ്ങള്‍. തുടക്കത്തില്‍ പനിയും കഫക്കെട്ടും മാത്രമാണ് കണ്ടുവന്നിരുന്നത്. കഴിഞ്ഞ ഒരുമാസമായി പനി ബാധിച്ച് നൂറുകണക്കിന് ആളുകളാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. കാലാവസ്‌ഥാ വ്യതിയാനമാണ് പനി പടരാന്‍ കാരണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നുണ്ടെങ്കിലും അപ്രതീക്ഷിത വ്യാപനം ആശങ്കകള്‍ക്ക് കാണമായിട്ടുണ്ട്. വരുംദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ തന്നെ സമ്മതിക്കുന്നുമുണ്ട്. മൂക്കൊലിപ്പിലും ചുമയിലും തുടങ്ങിയ പനിയും ശ്വാസതടസവും കിടുകിടുപ്പും വരെ എത്തിയിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ നടപടി ഉണ്ടായിട്ടില്ല. പനി ബാധിതര്‍ നിരവധി തവണ ആശുപത്രികളില്‍ ചികിത്സ തേടുന്നുണ്ടെങ്കിലും ഭൂരിഭാഗം ആളുകളും ആഴ്‌ചകളായി രോഗ മുക്‌തരായിട്ടില്ല.
പനിക്കൊപ്പം വിട്ടുമാറാത്ത ചുമയും ശ്വാസതടസവും കിടുകിടുപ്പുമാണ് ഇവരെ അലട്ടുന്നത്. മരുന്നു കഴിക്കുമ്പോള്‍ പനിക്ക് നേരിയ ശമനമുണ്ടാകുമെങ്കിലും ചുമയും ശ്വാസതടസവും വിട്ടുമാറാതെ തുടരുകയാണ്. പകര്‍ച്ചപ്പനിയുമായി തുടര്‍ച്ചയായി ചികിത്സ തേടുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ദ്ദേശിക്കാറുണ്ടെങ്കിലും ആരും ഇതിന് തയാറാകാറില്ലെന്നും ഡോക്‌ടര്‍മാര്‍ പറയുന്നു. പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പനിക്കൊപ്പമുള്ള ചുമയും ശ്വാസതടസവും ആശങ്ക ഉയര്‍ത്തുന്നുണ്ട്. ശ്വാസതടസം കാരണം ഭൂരിഭാഗം ആളുകള്‍ക്കും ശാരീരിക അസ്വസ്‌ഥതകള്‍ അനുഭവപ്പെടുന്നുണ്ട്. ആശുപത്രികളില്‍ എത്തുമ്പോള്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇതിനുപുറമെ ചുമയ്‌ക്കുമ്പോഴും മാസ്‌ക് മാറ്റേണ്ടി വരും. ഇത് രോഗ വ്യാപനത്തിന് കാരണമാകും. പനി ബാധിതര്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും ഇത് പ്രാവര്‍ത്തികമാകാറില്ല.