മുംബൈ : മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കവെ ഭരണസഖ്യമായ മഹായുതിയിൽ കല്ലുകടിയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിദ്വേഷ മുദ്രാവാക്യം. ബത്തേംഗേ തോ കത്തേംഗേ (വിഭജിച്ച് നിന്നാല്‍ നമ്മള്‍ ഇല്ലാതാകും ) എന്ന ഹിന്ദുത്വ മുദ്രാവാക്യത്തിനെതിരയാണ് മഹായുതിയിൽ എതിര്‍പ്പുയരുന്നത്. എൻസിപി അജിത് പവാർ വിഭാഗവും ബിജെപിക്കുള്ളിൽ തന്നെയുള്ള ഒരു വിഭാഗവുമാണ് മുദ്രാവാക്യത്തിനെതിരെ പരസ്യമായി രംഗത്തുള്ളത്.
വികസനം മാത്രമാണ് തന്റെ അജണ്ടയെന്നും വോട്ടർമാരെ മതപരമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുവെന്നുമാണ് അദ്ദേഹം പറയുന്നത്. അതേസമയം ഉത്തർപ്രദേശിൽ ഇത്തരത്തിലുള്ള മുദ്രാവാക്യം കൊണ്ട് നേട്ടമുണ്ടാകുമെന്നും മഹാരാഷ്ട്രയിൽ ഏൽക്കില്ലെന്നുമാണ് അജിത് പവാർ വ്യക്തമാക്കിയത്. എന്നാല്‍ അജിത് പവാറിന്റെ നിലപാടിനെതിരെ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് രംഗത്ത് എത്തി. മുദ്രാവാക്യത്തില്‍ പ്രശ്നം കാണേണ്ട കാര്യമില്ലെന്നും എല്ലാവരും ഒരുമിച്ച് നില്‍ക്കാനുള്ള ആഹ്വാനമായി കണ്ടാല്‍ മതിയെന്നും ഫഡ്നാവിസ് പറഞ്ഞു.
എന്റെ രാഷ്ട്രീയം വ്യത്യസ്തമാണ്. ഒരേ പാർട്ടിയിലായതുകൊണ്ട് ആ മുദ്രാവാക്യത്തെ പിന്തുണക്കുന്നില്ലെന്നായിരുന്നു’- ഒബിസി നേതാവ് കൂടിയായ മുണ്ടെ അടുത്തിടെ വ്യക്തമാക്കിയിരുന്നത്. വികസനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത് എന്നതാണ് തന്റെ വിശ്വാസമെന്നും മഹാരാഷ്ട്രയിൽ അത്തരമൊരു മുദ്രാവാക്യം കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും മുണ്ടെ പറയുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍, ബീഡില്‍ നിന്നും മുണ്ടെ മത്സരിച്ചിരുന്നുവെങ്കിലും വിജയിക്കാനായിരുന്നില്ല. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അശോക് ചവാനും സമാന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ഈ മുദ്രാവാക്യം അപ്രസക്തമാണെന്നും മഹാരാഷ്ട്രയിലെ ജനങ്ങൾ ഇത് വിലമതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇവരോടൊപ്പം സംസ്ഥാനത്തെ ചില മുതിർന്ന ബിജെപി നേതാക്കളും കർക്കശമായ ഹിന്ദുത്വ ലൈൻ ഉയർത്തുന്നതിൽ നിന്നും അകലം പാലിക്കുന്നുണ്ട്.