കർണാടക : തീരദേശ മേഖലയിൽ വർഗീയ കലാപവും കൊലപാതകവും വ്യാപിപ്പിക്കുന്നുവെന്ന് ബിജെപി സർക്കാരിനെതിരെയും പാർട്ടിക്കെതിരെയും ആരോപണവുമായി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ. ബിജെപി നേതാക്കളുടെ മക്കളാരെങ്കിലും ത്രിശൂലങ്ങളുമായി പ്രതിഷേധിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. “ത്രിശൂലങ്ങൾക്കൊപ്പം തങ്ങളുടെ ആശയങ്ങൾ ഉയർത്തിപ്പിടിച്ചതിന് ബിജെപി പ്രവർത്തകർ മാത്രമാണ് കൊല്ലപ്പെടുന്നത്” ശിവകുമാർ ആരോപിച്ചു.
“നിരവധി ബിജെപി പ്രവർത്തകർ കൊല്ലപ്പെടുകയും നിരപരാധികളായ നിരവധി ന്യൂനപക്ഷങ്ങൾ കൊല്ലപ്പെടുകയും ചെയ്‌തിട്ടുണ്ട്. ബിജെപി പ്രവർത്തകർ ത്രിശൂലങ്ങളും വടികളും പിടിച്ച് പാർട്ടിക്ക് വേണ്ടി പോരാടുന്നു. എന്നാൽ എംഎൽഎമാരുടെയോ എംപിമാരുടെയോ മക്കൾ എന്തുകൊണ്ട് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ മുന്നോട്ടു വരുന്നില്ല? എന്തുകൊണ്ടാണ് പാവപ്പെട്ടവരുടെ കുട്ടികൾ മാത്രം ബലിയാടാവുന്നത്?” മംഗലാപുരത്ത് നടന്ന പ്രജാധ്വനി പരിപാടിയിൽ പൊതുറാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു ഡികെ ശിവകുമാർ.
“നേരത്തെ വിദേശത്ത് നിന്ന് നിരവധി വിദ്യാർത്ഥികൾ ഇവിടെ പഠിക്കാൻ വന്നിരുന്നുവെങ്കിലും വർഗീയ കലാപവും വിദ്വേഷവും കാരണം ഇവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികളെ പ്രവേശിപ്പിക്കാൻ രക്ഷിതാക്കൾ മടിക്കുന്നതായി വിദ്യാഭ്യാസ മേഖലയിലെ പല സുഹൃത്തുക്കളും എന്നോട് പറയുന്നുണ്ട്” സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ചൂണ്ടിക്കാട്ടി.
കോൺഗ്രസ് ഭീകരവാദികളെ പിന്തുണയ്ക്കുകയും ഇത്തരം ആക്രമണങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ബിജെപി ഇതിനോട് പ്രതികരിച്ചു. “തൃശൂലവുമായി പ്രതിഷേധിക്കാൻ ഞങ്ങൾ അവരെ പ്രോത്സാഹിപ്പിക്കുന്നില്ല. അത് പ്രവർത്തകരുടെ കാര്യമാണ്. നിരപരാധികളായ ബിജെപി പ്രവർത്തകർ കൊല്ലപ്പെടുകയാണെന്ന് അവർ പറയുന്നു” ഉഡുപ്പി ബിജെപി എംഎൽഎ രഘുപതി ഭട്ട് പറഞ്ഞു.