ബെംഗളൂരു: പോലീസ് വകുപ്പിലെ കാവിവല്‍ക്കരണം തന്റെ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡികെ ശിവകുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ദിവസങ്ങള്‍ക്ക് ശേഷം, ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് ഉപമുഖ്യമന്ത്രിയുടെ താക്കിത്.
”നിങ്ങള്‍ പോലീസ് വകുപ്പിനെ കാവിവല്‍ക്കരിക്കാന്‍ പോവുകയാണോ? ഇത് നമ്മുടെ സര്‍ക്കാര്‍ അനുവദിക്കില്ല. മംഗലാപുരത്തും ബിജാപൂരിലും ബാഗല്‍കോട്ടിലും കാവി വസ്ത്രം ധരിച്ച് നിങ്ങള്‍ വകുപ്പിനെ അപമാനിച്ചതെങ്ങനെയെന്ന് എനിക്കറിയാം. രാജ്യത്തോട് ബഹുമാനമുണ്ടെങ്കില്‍ ദേശീയ പതാകയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കണം” ഡികെ ശിവകുമാര്‍ പറഞ്ഞു.