ബെംഗളൂരു: കര്‍ണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന. ഇന്നലെയും ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയിരുന്നു. ഇന്ന് ബൈന്ദൂരിലെ ഹെലിപ്പാഡില്‍ വെച്ചാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മൂകാംബിക ദര്‍ശനത്തിന് ശേഷം ബൈന്ദൂരിലെത്തിയപ്പോഴായിരുന്നു പരിശോധന. തെരഞ്ഞെടുപ്പ് റാലിക്കായാണ് ശിവകുമാര്‍ ബൈന്ദൂരിലെത്തിയത്. വന്നിറങ്ങിയപ്പോള്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്ളൈയിങ് സ്‌ക്വാഡ് എത്തി വിമാനത്തിനുള്ളില്‍ നിന്ന് ബാഗുകളും പേപ്പറുകളുമെല്ലാം പുറത്തെടുത്ത് പരിശോധിച്ചു.
അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി കര്‍ണാടകത്തിലെത്തി. ലിംഗായത്ത് വോട്ടുകള്‍ കോണ്‍ഗ്രസിലെത്തിക്കാനുള്ള ലക്ഷ്യവുമായിട്ടാണ് രാഹുല്‍ ഗാന്ധി കര്‍ണാടകത്തിലെത്തുന്നത്. ബാഗല്‍കോട്ട് ജില്ലയിലെ കൂടലസംഗമയില്‍ ബസവേശ്വരജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് രാഹുല്‍ ഗാന്ധി എത്തിയത്. സത്യം പറഞ്ഞതിന്റെ പേരിലാണ് ചിലര്‍ തന്നെ വേട്ടയാടുന്നത്. സത്യത്തിന് വേണ്ടി പോരാടിയവരെ എന്നും ആദരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.