2000 രൂപയുടെ കറൻസി നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുമെന്ന് 2023 മെയ് 19 നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും അവസരമുണ്ട്. 2000 രൂപ നോട്ടുകൾ കൈവശം വെച്ചിരിക്കുന്ന വ്യക്തികൾക്ക് ഒന്നുകിൽ ബാങ്കിൽ നിന്ന് മറ്റ് മൂല്യമുള്ള നോട്ടുകൾക്കായി മാറ്റി നൽകാം അല്ലെങ്കിൽ അത് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാം
ആർബിഐയുടെ കണക്കുകൾ പ്രകാരം പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 88 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. 2023 ജൂലൈ 31 വരെ പ്രചാരത്തിൽ നിന്ന് തിരികെ ലഭിച്ച 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.14 ലക്ഷം കോടി രൂപയാണ്. ഇതോടെ നിലവിൽ പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ മൂല്യം 0.42 ലക്ഷം കോടിയാണ്. പ്രമുഖ ബാങ്കുകളിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം പ്രചാരത്തിൽ നിന്ന് തിരിച്ചെത്തിയ 2000 ന്റെ മൂല്യത്തിലുള്ള ബാങ്ക് നോട്ടുകളിൽ ഏകദേശം 87 ശതമാനവും നിക്ഷേപ രൂപത്തിലാണ്. ബാക്കി 13 ശതമാനം മറ്റ് മൂല്യങ്ങളിലുള്ള ബാങ്ക് നോട്ടുകളായി മാറ്റി വാങ്ങാം
2000 രൂപ നോട്ടുകൾ ബാങ്കിൽ മാറ്റുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ് ഇതാ
ഘട്ടം 1 – നിങ്ങളുടെ പക്കൽ ലഭ്യമായ 2000 രൂപ നോട്ടുകളുമായി അടുത്തുള്ള ബാങ്ക് ശാഖ സന്ദർശിക്കുക.
ഘട്ടം 2- റിക്വിസിഷൻ സ്ലിപ്പ് പൂരിപ്പിക്കുക, 2000 രൂപ നോട്ടുകളുടെ കൈമാറ്റ പ്രക്രിയ സുഗമമാക്കുന്നതിന് ആവശ്യമായ വിശദാംശങ്ങൾ നൽകുക.
ഘട്ടം 3: മറ്റ് മൂല്യങ്ങളുമായി മാറാൻ 2000 രൂപ നോട്ടുകൾക്കൊപ്പം സ്ലിപ്പും സമർപ്പിക്കുക.
ബാങ്കിനെ ആശ്രയിച്ച് പ്രക്രിയ വ്യത്യാസപ്പെടാം എന്നത് ശ്രദ്ധിക്കണം. 2000 രൂപ നോട്ടുകൾ മാറ്റുന്ന കാര്യത്തിൽ, ബാങ്കുകൾ അവരുടേതായ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും പാലിക്കുമെന്ന് ആർബിഐ ഗവർണർ വ്യക്തമാക്കി. ഒരു ഇടപാടിൽ 50,000 രൂപയിൽ കൂടുതൽ നിക്ഷേപിക്കുകയാണെങ്കിൽ, ആദായനികുതി ചട്ടങ്ങൾക്ക് അനുസൃതമായി പാൻ വിവരങ്ങൾ നൽകണം. ആർബിഐ വിജ്ഞാപനം അനുസരിച്ച്, ഒരു വ്യക്തിക്ക് ഒരു സമയം 20,000 രൂപ വരെ മൂല്യമുള്ള ബാങ്ക് നോട്ടുകൾ മാറ്റാം.