ഇടുക്കി ഡാമിനെക്കുറിച്ച് കേൾക്കാത്ത ഒരു മലയാളിയും കാണില്ല. കുതിച്ചൊഴുകുന്ന പെരിയാറിനെ തളച്ചിട്ട ഇടുക്കി ഡാം അതിന്‍റെ ചരിത്രം കൊണ്ടും നിർമ്മിതി കൊണ്ടും മാത്രമല്ല വിവാദങ്ങള്‍ കൊണ്ടും എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കാറുണ്ട്. മല തുരന്നുണ്ടാക്കിയ തുരങ്കങ്ങളും ഉദ്ഘാടന തിയതി മുതൽ ഇന്നുവരെ വെള്ളത്തിനടിയിൽ തന്നെയായി പ്രവേശന കവാടവും എല്ലാം ചേരുന്ന ഒരു വിസ്മയം തന്നെയാണ് ഇടുക്കി ഡാം. ഇടുക്കി ഡാമിന്റെ ഈ അപൂർവ്വതകളിലേക്കും വിശേഷങ്ങളിലേക്കും ഒരു നടത്തം ആയാലോ? വളരെ അപൂർവ്വമായി വർഷത്തിൽ ചുരുക്കം ദിവസങ്ങൾ മാത്രം ലഭിക്കുന്ന ഒരവസരം നമുക്ക് പ്രയോജനപ്പെടുത്താം. ഇടുക്കി ഡാം മാത്രമല്ല പെരിയാറിനെ തടയാൻ ഇടുക്കി ഡാമിന് കൂട്ടായി നിർമ്മിച്ച ചെറുതോണി അണക്കെട്ടും ഒപ്പം വൈശാലി എന്ന സിനിമയിലൂടെ കേരളത്തിലെ വിനോദസഞ്ചാരികൾക്കും സാഹസികർക്കും ലഭിച്ച വൈശാലി ഗുഹയും നടന്ന് കണ്ട് വരാനുള്ള അവസരമാണിത്.
ഓണത്തോടനുബന്ധിച്ച് സന്ദർശകർക്ക് ഇടുക്കി അണക്കെട്ടിലേക്ക് ഓഗസ്റ്റ് 31 വരയെ പ്രവേശനം ഉണ്ടായിരുന്നുള്ളുവെങ്കിലും തിരക്ക് പ്രമാണിച്ച് ഒക്ടോബർ 31 ചൊവ്വാഴ്ച വരെ പ്രവേശനം നീട്ടുകയായിരുന്നു. ചെറുതോണി അണക്കെട്ടിൽ നിന്നാണ് ഈ യാത്ര ആരംഭിക്കുന്നത്. നടക്കുകയാണെങ്കിൽ ആറ് കിലോമീറ്റർ ദൂരം നടക്കണം. നടത്തത്തിൽ ഇടുക്കി ഡാമും വൈശാലി ഗുഹയും മുന്നിലെത്തും. ഇനി നടന്നു കാണുവാൻ ബുദ്ധിമുട്ടാണെങ്കിൽ ഡാമിനു മുകളിലൂടെ പോകാൻ ബഗ്ഗി കാറും വലിയ സംഘങ്ങൾക്ക് ഉപയോഗിക്കാൻ ടെമ്പോ ട്രാവലറും അധികൃതർ ഒരുക്കിയിട്ടുണ്ട്.
ഒരു ബഗ്ഗി കാറിൽ പരമാവധി എട്ടു പേർക്ക് കയറാം. 600 രൂപയാണ് നിരക്ക്. ചെറുതോണി – തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ് ചെറുതോണി അണക്കെട്ടിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചെറുതോണി അണക്കെട്ട് ഇല്ലാതെ ഇടുക്കി അണക്കെട്ട് ഇല്ല എന്നുതന്നെ പറയാം. 138.38 മീറ്റര്‍ നീളവും 650.90 മീറ്റര്‍ വീതിയും 107.78 മീറ്റർ അടി വീതിയും 7.32 മീറ്റര് മുകളിലെ വീതിയിലുമാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇടുക്കി ഡാമിൽ കൂടുതൽ ജലം സംഭരിക്കുവാനും പെരിയാറിനെ തടഞ്ഞ് ചെറുതോണി പുഴ കരകവിഞ്ഞ് ഒഴുകുന്നത് ഇല്ലാതാക്കാനുമാണ് ചെറുതോണി ഡാം നിർമ്മിച്ചത്. വൈശാലി എന്ന സിനിമ കണ്ടിട്ടുള്ളവർക്ക് വൈശാലി ഗുഹ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇടുക്കി അണക്കെട്ടിനോട് ചേർന്നു കിടക്കുന്ന ഈ ഗുഹയിലാണ് വൈശാലി സിനിമയിലെ ”ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളില്‍..” എന്ന ഗാനം ചിത്രീകരിച്ചത്. ഇടമലയാര്‍ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി പദ്ധതി പ്രദേശത്ത് എത്തിച്ചേരാന്‍ വേണ്ടി നിര്‍മ്മിച്ചതാണ് ഈ ഗുഹയെന്നാണ് ചരിത്രം പറയുന്നത്. പാറ തുരന്ന് നിര്‍മ്മിച്ചരിക്കുന്ന ഈ ഗുഹയ്ക്ക് ഏകദേശം 550 മീറ്റര്‍ നീളമാണുള്ളത്.