കാരവാൻ ടൂറിസത്തിന് പ്രത്യേക പ്രധാന്യം നല്കുന്ന സംസ്ഥാനമാണ് കേരളം. വിദേശികളെ ആകർഷിക്കുവാനായി കാരവൻ പാർക്കുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സംസ്ഥാനം നല്കുന്നു. ഒന്നിനൊന്ന് വ്യത്യസ്തമായ ലക്ഷ്യസ്ഥാനങ്ങളാണ് കേരളത്തിനുള്ളത്. ആലപ്പുഴയും കുമരകവും മുതൽ മൂന്നാർ, തേക്കടി, പെരിയാർ വന്യജീവി സങ്കേതം തുടങ്ങിയ സ്ഥലങ്ങളാണ് കാരവാൻ ടൂറിസം വഴി കേരളത്തിൽ സന്ദർശിക്കുവാൻ അനുയോജ്യമായത്. രാത്രി കാലങ്ങളിൽ കാരവാൻ പാർക്ക് ചെയ്യുന്നതിനായുള്ള കാരവാൻ പാർക്ക് വാഗമണ്ണിൽ ഒരുക്കിയിട്ടുമുണ്ട്. കാരവാൻ യാത്രികർക്ക് ഏറ്റവും വ്യത്യസ്തമായ കുറേയധികം കാഴ്ചകളും റൂട്ടുകളും നല്കുന്ന ഇടമാണ് കർണ്ണാടക. ഏതു തരത്തിലുള്ള സഞ്ചാരിയാണെങ്കിലും ആഗ്രഹം പോലെ സന്ദർശിക്കുവാനും എക്സ്പ്ലോർ ചെയ്യുവാനും എന്തെങ്കിലും കർണ്ണാടകയിലുണ്ട്. ചരിത്രകാഴ്ചകൾക്കാണെങ്കിൽ ഹംപി, ബദാമി, ഐഹോള തുടങ്ങിയ സ്ഥലങ്ങൾ, മൈസൂർ, കടൽത്തീരത്തിലേക്കാണ് പോകേണ്ടതെങ്കിൽ ഗോകർണ, പ്രകൃതി സൗന്ദര്യം ആസ്വദിക്കാന് കൂർഗ്, ബന്ദിപ്പൂർ, തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ തിരഞ്ഞെടുക്കാം.
കടൽത്തീരങ്ങളുടെയും പബ്ബുകളുടെയും ആഘോഷങ്ങളുടെയും നാടായ ഗോവയും കാരവാനിൽ കറങ്ങാം. ബീച്ചുകളിലേക്ക് മാത്രമല്ല, ഇവിടുത്തെ ഗ്രാമങ്ങളിലേക്കും നാട്ടിൻപുറങ്ങളിലേക്കും അവിടുത്തെ രുചി വൈവിധ്യങ്ങൾ ആസ്വദിക്കാനായും ഗോവയിൽ കാരവൻ യാത്ര പ്ലാൻ ചെയ്യാം. അർജുന, പാലോലം, കാലൻഗുട്ടെ, ബാഗെ തുടങ്ങിയ ബീച്ചുകളിലേക്ക് നിങ്ങൾക്ക് കാരവനുമായി പോയി ആസ്വദിക്കാം. പഴമയും പുതുമയും ഒന്നുചേരുന്ന മനോഹരമായ കാഴ്ചയാണ് മഹാരാഷ്ട്ര തരുന്നത്. മതേരാൻ, മഹാബലേശ്വറും ലോണാവാലയും പോലെ പ്രകൃതി അനുഗ്രഹിച്ചിരിക്കുന്ന ഇടങ്ങൾ കാണാനും അലിബാഗ്, ഗണപതിഫുലെ, ഡപോലി തുടങ്ങിയ തീരദേശ പ്രദേശങ്ങൾ കാണാനും ഇവിടുത്തെ ഗ്രാമങ്ങളിൽ പര്യവേക്ഷണം നടത്താനുമെല്ലാം മഹാരാഷ്ട്രയിലെ കാരവൻ യാത്രകൾ സഹായിക്കും.
യുനസ്കോ പൈതൃക ലക്ഷ്യസ്ഥാനങ്ങള്, സഹ്യാദ്രി തുടങ്ങിയവയാണ് ഇവിടെ മഹാരാഷ്ട്രയില്‍ കാരവനിൽ പോകാൻ പറ്റിയ സ്ഥലങ്ങൾ. ഹിമാചൽ പ്രദേശ് എക്സ്പ്ലോർ ചെയ്യുവാൻ പറ്റിയ ഏറ്റവും മികച്ച മാർഗ്ഗമായി കാരവാൻ മാറിയിട്ടുണ്ട്. എവിടെ താമസിക്കും എന്നോ എന്തു കഴിക്കുമെന്നോ ആശങ്കപ്പെടാതെ നിങ്ങളുടെ സൗകര്യത്തിനു ഹിമാചൽ കാണാം. മണാലി, ഷിംല, കസൗലി, ഡൽഹൗസി, ധരംശാല, സോളൻ, കുർഫി തുടങ്ങി ഇഷ്ടംപോലെ സ്ഥലങ്ങൾ ഇവിടെ കാണാം. കോട്ടകളും കൊട്ടാരങ്ങളും കൊണ്ട് കഥയെഴുതി രാജസ്ഥാനെ പരിചയപ്പെടാൻ കാരവാനുകൾ ഉപയോഗിക്കാം. വ്യത്യസ്തമായ കഥകൾ പറയുവാനുള്ള നഗരങ്ങളായ ജയ്പൂർ, ജോധ്പൂർ, ഉദയ്പൂർ, ജയ്സാൽമീർ തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ കാണാം. ഒരുപാട് ദൂരത്തിൽ ഓരോ സ്ഥലങ്ങളും സ്ഥിതി ചെയ്യുന്ന ഇവിടം കണ്ടുതീർക്കുവാൻ പറ്റിയ ഏറ്റവും നല്ല മാർഗ്ഗം കൂടിയാണ് കാരവാനുകൾ.