തടി കുറയ്ക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ ഭക്ഷണത്തില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ അമിതമായി കഴിക്കുന്നത് ഒഴിവാക്കുകയും ദഹനം കൂട്ടുകയും ചെയ്യുന്നു. പല തരത്തിലുള്ള പച്ചക്കറികളും പഴങ്ങളും ഡയറ്റില്‍ ചേര്‍ത്താലേ എല്ലാ വിധ പോഷകങ്ങളും ശരീരത്തിന് ലഭിക്കൂ. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ആപ്രിക്കോട്ട്. തേന്‍മധുരം കിനിയുന്ന ഒരു ജെല്ലി പോലെയിരിക്കുന്ന ആപ്രിക്കോട്ടിന്‍റെ ജന്മദേശം ചൈനയാണ്. അവിടെനിന്നും ദക്ഷിണ യൂറോപ്പിലൂടെ ഇത് അമേരിക്കൻ ഐക്യനാടുകളിൽ എത്തിച്ചേർന്നു. ഇപ്പോള്‍ ഇത് ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ലഭ്യമാണ്. വളരെയധികം പോഷകസമ്പുഷ്ടമാണ് ഈ കുഞ്ഞന്‍ പഴം. സാധാരണയായി ഉണക്കിയ ആപ്രിക്കോട്ടാണ് നമുക്ക് കിട്ടുന്നത്.
ഉണങ്ങിയ ആപ്രിക്കോട്ടിൽ സ്വാഭാവികമായും ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് തുടങ്ങിയ പഞ്ചസാരകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പ്രമേഹരോഗികള്‍ ഇവ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരും പരമാവധി അഞ്ചോ ആറോ ആപ്രിക്കോട്ടുകള്‍ മാത്രം ദിനംപ്രതി കഴിക്കാന്‍ ശ്രദ്ധിക്കുക. കൂടുതല്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും എന്നതിനാല്‍ തടി കുറയ്ക്കാന്‍ നോക്കുമ്പോള്‍ ഇവ അമിതമായി കഴിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. നേരിട്ടോ സ്മൂത്തി, സാലഡ് എന്നിവയില്‍ ചേര്‍ത്തോ ഇത് കഴിക്കാം.
ആപ്രിക്കോട്ട് കഴിക്കുന്നത് ദഹനം, ചർമ്മത്തിന്റെ ആരോഗ്യം, കാഴ്ച എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച പ്രതിവിധിയായി പരമ്പരാഗതമായി കണക്കാക്കപ്പെടുന്നു. ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കത്തിക്കാനും ആപ്രിക്കോട്ട് സഹായിക്കും. 100 ഗ്രാം ആപ്രിക്കോട്ടിൽ 48 കാലറി മാത്രമേ അടങ്ങിയിട്ടുള്ളൂ. നാരുകളുടെ നല്ല ഉറവിടമാണ് ഇത്. നാരുകൾ വിഘടിക്കാനും ദഹിപ്പിക്കാനും കൂടുതൽ സമയം എടുക്കുന്നതിനാൽ കൂടുതൽ നേരം പൂർണത അനുഭവപ്പെടുന്നു. ഇത് കഴിച്ചാല്‍ മണിക്കൂറുകളോളം വിശക്കാതിരിക്കും. മറ്റ് ജങ്ക് ഭക്ഷണങ്ങള്‍ അമിതമായി കഴിക്കാനുള്ള ആസക്തി നിയന്ത്രിക്കുകയും ചെയ്യും. കൂടാതെ ഗ്യാസ്ട്രിക് ഡിസോർഡേഴ്സിനെ അകറ്റി നിർത്താനും ഇതിന് കഴിയും. ആപ്രിക്കോട്ടിലുള്ള നാരുകള്‍ നല്ല ദഹനത്തിനും മലബന്ധം തടയാനും സഹായിക്കും. ഉണക്കിയ ആപ്രിക്കോട്ടിൽ ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്നും വീക്കത്തിൽ നിന്നും സംരക്ഷിക്കുന്നു. ഈ ആൻ്റിഓക്‌സിഡൻ്റുകൾ ഹൃദ്രോഗം, കാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.