തിരുവനന്തപുരം: ചാരവൃത്തിക്ക് പിടിയിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സര്‍ക്കാരിന്റെ അതിഥിയായെന്ന ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. നല്ല ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വ്‌ളോഗര്‍മാരെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും ചാരവൃത്തി ചെയ്യുന്ന ആളാണെന്ന് കരുതിയല്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരും മന്ത്രിമാരും ചാരവൃത്തിക്ക് സഹായം ചെയ്യുന്നവരാണെന്ന് ആണോ കരുതുന്നതെന്നും മന്ത്രി ചോദിച്ചു. അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് നൽകുന്നതെന്ന് പറഞ്ഞ് മാധ്യമങ്ങളെയും മന്ത്രി മുഹമ്മദ് റിയാസ് വിമര്‍ശിച്ചു.
ബോധപൂര്‍വം ഇത്തരക്കാരെ കൊണ്ടുവരുമെന്ന് കരുതുന്നുണ്ടോ? ജനങ്ങള്‍ക്ക് സത്യം അറിയാം. ആരുടെയെങ്കിലും പ്രതികരണം എടുത്തിട്ടാണോ വാര്‍ത്ത നല്‍കേണ്ടത്? സര്‍ക്കാരിനും മന്ത്രിക്കും വകുപ്പിനും റോള്‍ ഉണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത നല്‍കുമ്പോള്‍ പരിശോധിച്ചിരുന്നോ? ചാര പ്രവര്‍ത്തിയാണ്. ഗുരുതര വിഷയമാണ്. ചില്ലറ കളിയല്ല, തമാശയുമല്ല. ഇത്തരം അസംബന്ധ വാര്‍ത്തകള്‍ തുടങ്ങിവെച്ചവരെ പുറത്തുകൊണ്ടുവരണം. ബിജെപിക്ക് രാഷ്ട്രീയ അജണ്ട കാണും. ഇത്തരം പ്രചാരണങ്ങളോട് പുല്ല് വിലയാണ്. ജനം കൂടെയുണ്ട്. മാധ്യമങ്ങള്‍ക്ക് തോന്നുംപോലെ വാര്‍ത്ത നല്‍കാം. നോ പ്രോബ്ലം. ‘- എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.