കണ്ണൂര്‍: പത്തൊന്‍പതു വര്‍ഷം മുമ്പ് വീട്ടുമുറ്റത്ത് വെച്ച് ബോംബേറില്‍ കാലു തകര്‍ന്ന് ചോരയില്‍ കുളിച്ചു കിടന്ന ആറു വയസ്സുകാരി അസ്‌ന ഇനി ഡോക്ടര്‍. തന്റെ ജീവിതത്തില്‍ ഉണ്ടായ ദുരന്തത്തില്‍ തളരാതെ ആത്മവിശ്വാസത്തെ ചേര്‍ത്തുപിടിച്ച് ഉയരങ്ങള്‍ കീഴടക്കിയിരിക്കുകയാണ് അസ്‌ന.
കണ്ണൂര്‍ ചെറുവാഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടറായി അസ്‌ന ഇന്ന് ചുമതലയേല്‍ക്കും. ഈ പെണ്‍കുട്ടിയുടെ ഇച്ഛാശക്തിക്കു മുന്‍പില്‍ അക്രമ രാഷ്ട്രീയം ഒരിക്കല്‍ കൂടി തോല്‍ക്കുകയാണ്. 2000 സെപ്റ്റംബര്‍ 27ന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു ദിവസം, ബൂത്തിനു സമീപം വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ ബിജെപി പ്രവര്‍ത്തകരുടെ ബോംബേറിലാണ് അസ്‌നയ്ക്കു വലതുകാല്‍ നഷ്ടപ്പെട്ടത്. മൂന്നു മാസം വേദന കടിച്ചമര്‍ത്തി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ഡോക്ടര്‍മാരില്‍ നിന്ന് ലഭിച്ച സ്‌നേഹവും പരിചരണവുമാണ് ഡോക്ടറാവുക എന്ന ആഗ്രഹം വളര്‍ത്തിയത്.
നാടും നാട്ടുകാരും പ്രിയപ്പെട്ടവരും ഒപ്പം നിന്നു. മകളെ നോക്കാന്‍ അച്ഛന്‍ നാണു കട നിര്‍ത്തി വീട്ടിലിരുന്നു. തോളിലെടുത്താണ് അച്ഛന്‍ സ്‌കൂളിലെത്തിച്ചത്. കൃത്രിമക്കാല്‍ ലഭിച്ചതോടെ വിജയത്തിന്റെ പടവുകള്‍ ഓരോന്നായി അസ്‌ന കീഴടക്കുന്നതാണ് പിന്നീട് കണ്ടത്. ആഗ്രഹിച്ച പോലെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് പ്രവേശനം ലഭിച്ചു. അപ്പോഴും നാലാം നിലയിലെ ക്ലാസ് മുറിയിലേക്കു കയറുന്നത് വെല്ലുവിളിയായിരുന്നു. കണ്ണൂരിലെ കെഎസ്‌യു നേതാവ് റോബര്‍ട്ട് വെള്ളാംവെള്ളി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നല്‍കിയ നിവേദനത്തെ തുടര്‍ന്ന്, 38 ലക്ഷം രൂപ ചെലവില്‍ കോളജില്‍ ലിഫ്റ്റ് സ്ഥാപിച്ചു. പഠനത്തിനും ചികിത്സയ്ക്കുമായി നാട്ടുകാര്‍ 15 ലക്ഷം രൂപ സമാഹരിച്ചു നല്‍കിയിരുന്നു. ഡിസിസി വീടു നിര്‍മ്മിച്ചു നല്‍കി. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ അസ്‌ന നാട്ടിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ താല്‍ക്കാലിക ജോലിക്കായി അപേക്ഷിച്ചിരുന്നു. അപേക്ഷകരില്‍ ഒന്നാം സ്ഥാനം നേടിയ അസ്‌നയ്ക്കു നിയമനം നല്‍കാന്‍ ഇന്നലെയാണു പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്.