മലപ്പുറം: വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയെടുത്ത് മുങ്ങിയ പ്രതിയെ മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ബാഗ്ലൂരിലെ ഭാരതിയാര്‍ സിറ്റിയില്‍നിന്നും സാഹസികമായി പിടികൂടി. പത്തനംതിട്ട സ്വദേശി സജു ബിന്‍ സലീം എന്ന ഷംനാദ് ബിന്‍ സലീം ആണ് അറസ്റ്റിലായത്. 2017 ല്‍ മലപ്പുറം സ്വദേശിയായ ഡോക്ടര്‍ക്ക് രാജസ്ഥാനില്‍ മെഡിക്കല്‍ പി.ജി സീറ്റ് വാഗദാനം ചെയ്ത് 10 ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തു. സീറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പ്രതിയെ സമീപിച്ചപ്പോള്‍ കുറച്ച് പണം തിരികെ നല്‍കി കേരളത്തില്‍ നിന്നും ഇയാള്‍ രക്ഷപെടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
മെഡിക്കല്‍, പോസ്റ്റ് ഗ്രാജുവേഷന്‍ സീറ്റുകളും നേഴ്സിങ്ങ് സീറ്റുകളും എന്‍ജിനീയറിങ്ങ് സീറ്റുകളും വാഗാദാനം നല്‍കി പലരില്‍ നിന്നായി ഇയാള്‍ തട്ടിയെടുത്തത് കോടികളാണ്. പ്രതിക്കെതിരെ നിലവില്‍ നാലു കേസ് ബംഗളൂരുവിലും ഒന്‍പതു കേസ് കേരളത്തിലുമുള്ളതായി അന്വേഷണ സംഘം വ്യക്തമാക്കി. മുമ്പ് തിരുവനന്തപുരത്തു ജോലിചെയ്തിരുന്ന മാധ്യമ പ്രവര്‍ത്തകയായ അല്‍നീമാ അഷറഫിന്റെ ഭര്‍ത്താവാണ് പ്രതി. ഭാര്യയ്ക്ക് കേസില്‍ പങ്കില്ലെന്നും പോലീസ് പറയുന്നു. മലപ്പുറം പോലീസ് അന്വേഷിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് കേസിന്റെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു.
ക്രൈംബ്രാഞ്ചിന്റ അന്വേഷണത്തിലാണ് പ്രതി കേരളത്തില്‍ മിക്ക ജില്ലകളിലും സമാനമായ തട്ടിപ്പ് നടത്തി കോടികള്‍ കൈക്കലാക്കിയതായി വിവരം ലഭിച്ചത്. പ്രതിയെപ്പറ്റി അന്വേഷിച്ചതില്‍ ബാഗ്ളൂര്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പുകള്‍ നടത്തുന്നതെന്ന് മനസ്സിലായതോടെ അന്വേഷണ സംഘം ബാഗ്ലൂരില്‍ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. പോലീസ് കണ്ടുപിടിക്കാതിരിക്കാന്‍ പ്രതി മൊബൈല്‍ ഫോണുകള്‍ വിദഗ്ദമായാണ് ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. പ്രതിയും ഭാര്യയും ബാഗ്ലൂരിലെ ഉന്നതരും ഐ.ടി മേഖലയില്‍ ജോലി ചെയ്തിരുന്ന ആളുകളും താമസിക്കുന്ന ഭാരതീയാര്‍ സിറ്റിയിലാണ് താമസിച്ചിരുന്നത്. കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നും പോലീസ് സംഘം ബാഗ്ലൂരില്‍ എത്തി അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്തുന്നതിനോ അറസ്റ്റ് ചെയ്യുന്നതിനോ സാധിച്ചിരുന്നില്ല.
2012 മുതല്‍ വിവിധ ജില്ലകളില്‍ തട്ടിപ്പുകള്‍ നടത്തിയ പ്രതിക്ക് മലപ്പുറം പോലീസ് സ്റ്റേഷന്‍ കൂടാതെ കോഴിക്കോട് ടൗണ്‍, കുറത്തിക്കാട്, പെരുമ്പാവൂര്‍, വെണ്‍മണി, കൊട്ടാരക്കര, തിരുവല്ല, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍ എന്നീ സ്റ്റേഷനുകളിലും കര്‍ണാടകയിലെ വിജയനഗര്‍ പോലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്. വിജയനഗര്‍ പോലീസ് സ്റ്റേഷനില്‍ നാല് കേസുകളാണ് ഉള്ളത്. ഉന്നതബന്ധങ്ങളുള്ള പ്രതി ഡോക്ടര്‍ എന്ന നിലയാലാണ് ആളുകളെ പരിചയപ്പെട്ട് തട്ടിപ്പ് നടത്തി വന്നിരുന്നത്. പോലീസ് സംഘങ്ങളെ നിരീക്ഷിക്കാനും കൃത്യമായി കേസുകളെക്കുറിച്ച് അറിവ് ലഭിക്കുന്നതിനും ഉന്നത ബന്ധങ്ങള്‍ പ്രതി ഉപയോഗിച്ചിരുന്നു.
മലപ്പുറം ജില്ല പോലീസ് മേധാവി സൂജിത് ദാസിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ജില്ല ക്രൈം ബ്രാഞ്ച് എസ്‌ഐമാരായ ബിബിന്‍, സുഹൈല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ ബാഗ്ലൂരില്‍ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ജില്ല ക്രൈം ബ്രാഞ്ചിന്റ ചുമതലയുള്ള ഡി.വൈ.എസ്‌പി ബിനുകുമാര്‍, എസ്‌ഐ അഷറഫ്, അരുണ്‍ഷ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുറഹ്‌മാന്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഇപ്പോള്‍ കേസന്വേഷണം നടത്തുന്നത്.