ആലപ്പുഴ : സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടിയിട്ടും ജ്യോതിഷിന് കുടുംബം പുലർത്താൻ വേമ്പനാട്ടുകായലിൽ മത്സ്യബന്ധനം നടത്തണം. സാമ്പത്തിക ശാസ്ത്രത്തിൽ ഗവേഷകനാകുന്നതിനൊപ്പം ജീവിക്കാൻ ഒരു സർക്കാർ ജോലി നേടണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷേ ലാസ്റ്റ് ഗ്രേഡ് സെർവെന്റ് തസ്തികയിൽ റാങ്ക് ലിസ്റ്റിൽ പേരുവന്നിട്ടും ജോലി കിട്ടിയിട്ടില്ല.
37കാരനായ ജ്യോതിഷിന് പി.എസ്.സി ടെസ്റ്റ് എഴുതാൻ രണ്ടുവർഷം കൂടിയേ ബാക്കിയുള്ളൂ. അരൂർ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ മത്സ്യത്തൊഴിലാളിയായ കാവലുങ്കൽ തങ്കപ്പന്റെയും വിലാസിനിയുടെയും നാലു ആൺമക്കളിൽ ഇളയവനാണ് ജ്യോതിഷ്. അരൂർ ഗവണ്‍മെന്റ്ഹൈസ്കൂളിൽനിന്നാണ് പത്താം ക്ലാസ് പാസായത്. പ്രീഡിഗ്രിയും ബി.എയും പഠിച്ചത് പാരലൽ കോളജിൽ. തുടർന്ന് ചേർത്തല എൻ.എസ്.എസ് കോളജിൽനിന്ന് ഇക്കണോമിക്സിൽ എം.എ പാസായ ശേഷമാണ് ഡോക്ടറേറ്റ് മോഹമുദിച്ചത്.
ഗവേഷണ വിഷയമായി സ്വന്തം തൊഴിൽ മേഖല തന്നെ തെരഞ്ഞെടുത്തു. ‘ആലപ്പുഴ ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ ഘടകങ്ങൾ’ എന്ന വിഷയത്തിൽ നാട്ടകം ഗുഡ്ഷെപ്പേർഡ് കോളജ് ചെയർമാൻ പ്രഫ. ആർ.വി. ജോസിന്റെ മേൽനോട്ടത്തിൽ ഒമ്പതുവർഷം പരിശ്രമം നടത്തി ഗവേഷണ പ്രബന്ധം തയാറാക്കിയാണ് മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയത്. അരൂർ, അരൂക്കുറ്റി, അന്ധകാരനഴി എന്നിവിടങ്ങളിലെ 150ഓളം മത്സ്യത്തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ചായിരുന്നു പഠനം.