കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ മയക്കുമരുന്നിന് അടിമകളാണെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെ കേരള സമൂഹം ഞെട്ടിയിരിക്കുകയാണ്. അത്യപകടകരമായ എംഡിഎംഎ മയക്കുമരുന്നുമായാണ് കോഴിക്കോട് സ്വദേശിയായ യുവ ഡോക്ടറെ പിടികൂടിയത്. ഇയാൾ ലഹരി ഉപയോഗം മാത്രമല്ല വില്‍പ്പനയും നടത്തിയിരുന്നതായുമാണ് പോലീസ് റിപ്പോർട്ടുകൾ. ഡോക്ടർമാരെ വിശ്വസിച്ച് ആശുപത്രിയിലെത്തുന്ന രോഗികളോട് ആരോഗ്യ മേഖല പോലും കാണിക്കുന്ന ദുഷ്ടതയാണ് ഇതെന്ന് പറയേണ്ടി വരും. കോവിഡ് അതിരൂക്ഷമായ സാഹചര്യമാണ് ഇന്ന് കേരളത്തില്‍.
മയക്കുമരുന്ന് കഴിച്ച് ഉന്മാദത്തിലായ ഡോക്ടര്‍മാരുടെ അടുത്ത് ജനങ്ങള്‍ എങ്ങനെ ചികിത്സ തേടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പിടിയിലായ ഡോക്ടര്‍ വെളിപ്പെടുത്തിയത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒരു ഡസനോളം വരുന്ന ഡോക്ടര്‍മാരുടെ പേരുകളാണ്. അവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന മയക്കുമരുന്നും ഏതെന്ന് ഇയാള്‍ വെളിപ്പെടുത്തി. ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തലുകള്‍ നടന്നിട്ടും ആരോഗ്യ മന്ത്രിയോ വകുപ്പോ അനങ്ങിയിട്ടില്ല. നടപടിയെടുത്താല്‍ ഡോക്ടര്‍മാരുടെ സംഘടന സമരവുമായി രംഗത്തെത്തും എന്ന പേടിയും ആരോഗ്യമന്ത്രിക്ക് ഉണ്ടായിരിക്കും. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ആരോഗ്യ മേഖല കുത്തഴിഞ്ഞു കിടക്കുകയാണ്.
ഡോക്ടർമാർ മയക്കുമരുന്നിന് അടിമകളാകുമ്പോൾ എന്ത് വിശ്വസിച്ചാണ് ജനങ്ങൾ ആശുപത്രിയിൽ പോവുക. ജനങ്ങൾക്ക് മാതൃകയാകേണ്ട ഡോക്ടർമാരാണ് നാണംകെട്ട രീതിയിൽ മയക്കുമരുന്നിന് അടിമകളാകുന്നത്. ഇതിനെയാണോ നമ്പർ വൺ കേരളം എന്ന് പറയുന്നത്. ആരോഗ്യ മേഖല വൻ പാരാജയമാണെന്ന് കോവിഡിന്റെ മൂന്നാം തരംഗം കേരളത്തിൽ പിടിമുറുക്കിയപ്പോഴേ വ്യക്തമായതാണ്. സ്വകാര്യ മേഖലയിലെയും സര്‍ക്കാര്‍ മേഖലയിലെയും ഡോക്ടർമാരെ കയറൂരി വിട്ടിരിക്കുകയാണ്. യാതൊരു നിയന്ത്രണവും സര്‍ക്കാരിനില്ല. ആരോഗ്യവകുപ്പ് തികഞ്ഞ പരാജയമാണ്.
ഓരോ രോഗിയും തന്റെ ജീവൻ ഡോക്ടർമാരുടെ കൈകളിൽ ഏല്പിച്ചാണ് ഓപ്പറേഷൻ തീയേറ്ററുകളിലേക്ക് കടക്കുന്നത്. എന്നാൽ പലപ്പോഴും ഡോക്ടർമാരുടെ അനാസ്ഥമൂലം ആശുപത്രികളിലേക്ക് നടന്നു കയറിയ രോഗികളുടെ ജീവനില്ലാത്ത ശരീരമാണ് പുറത്തേക്ക് വരുന്നത്. ഇതിനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെങ്കിലും സർക്കാരോ ആരോഗ്യവകുപ്പോ ഇതിനെതിരെ പ്രതികരിച്ചിട്ടില്ല എന്നുള്ളത് എടുത്തു പറയേണ്ട വസ്തുതയാണ്. മനുഷ്യജീവനെക്കുറിച്ച് ഭരണകൂടം ബോധവാന്‍മാരാകുന്നില്ലെങ്കില്‍ അത് ആരോഗ്യമേഖല ജനങ്ങളോട് കാണിക്കുന്ന നെറികേടാണ്.
കേരളത്തിന്റെ ആരോഗ്യ മേഖല കൈവരിച്ചത് സമാനതകളില്ലാത്ത വികസന നേട്ടമെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ നാഴികയ്ക്ക് നാൽപത് വട്ടം പറയുമ്പോഴാണ് ഇത്തരത്തിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ജനാധിപത്യത്തില്‍ പരമ പ്രധാനമായ സ്ഥാനം ജനത്തിനു തന്നെയാണ്. വോട്ടു ചെയ്തവനും വോട്ട് ചെയ്യാത്തവനും ദരിദ്രനും സമ്പന്നനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനും ഉള്‍പ്പെടുന്ന ജനമാണ് രാജ്യത്തിന്റെ കരുത്ത്. ജനങ്ങളുടെ പ്രസരിപ്പാര്‍ന്ന ജീവിതത്തിന്റെ താളുകള്‍ മറിച്ചു നോക്കാനില്ലെങ്കില്‍ പിന്നെ എന്തു ഭരണം?. മുഖ്യമന്ത്രി അമേരിക്ക പോലുള്ള രാജ്യങ്ങളിലെ ആശുപത്രികളെ ആശ്രയിക്കുമ്പോൾ ഇവിടുത്തെ സാധാരണക്കാരായ ജനങ്ങൾക്ക് ആശ്രയിക്കേണ്ടി വരിക സർക്കാർ ആശുപത്രികളെയും സ്വകാര്യ ആശുപത്രികളെയുമാണ്.
തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് സാധാരണക്കാരന്റെ ക്ഷേമങ്ങൾ സര്‍ക്കാര്‍ അന്വേഷിക്കുന്നത്. നിരവധി വാഗ്ദാനങ്ങളാണ് ഒന്നിന് പിറകെ മറ്റൊന്നായി ഈ സമയം നല്‍കുന്നത്. മോഹന വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് വോട്ട് ചെയ്യുന്ന ജനങ്ങള്‍ വിഡ്ഢികളാകുന്ന സാഹചര്യമാണ് പിന്നീട് കാണുന്നത്. കേരളത്തില്‍ പുതിയ മന്ത്രിസഭ ഭരണത്തിൽ വന്നത് മുതൽ ആരോഗ്യമേഖലയ്ക്ക് ഊന്നൽ നൽകുമെന്ന് പറഞ്ഞു ജനങ്ങളെ വിശ്വസിപ്പിച്ച ഭരണകൂടം ഇപ്പോൾ അവരെ തിരിഞ്ഞുപോലും നോക്കുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.