പത്തനംതിട്ട : പട്ടികടിച്ചതിന് വാക്സിന്‍ എടുക്കുവാന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിയ നിര്‍ധനയായ രോഗിയോട് വാക്സിന്‍ ഇല്ലെന്നും 5000 രൂപയോളം ആകുമെന്നും ഇത് പുറത്തുനിന്നും വാങ്ങി നല്‍കണമെന്നും ഡ്യൂട്ടി ഡോക്ടര്‍. രാഷ്ട്രീയ -മാധ്യമ ഇടപെടല്‍ ഉണ്ടായതോടെ ആശുപത്രിയില്‍ പൂഴ്ത്തി വെച്ചിരുന്ന വാക്സിന്‍ രോഗിക്ക് നല്‍കി ഡോക്ടര്‍മാര്‍ തടിയൂരി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ സ്വന്തം നാട്ടിലെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇന്ന് നടന്നതാണ് സംഭവം. പട്ടികജാതി വിഭാഗത്തില്‍ പെട്ടതാണ് രോഗിയും കുടുംബവും.
—
ആങ്ങമൂഴി മുട്ടത്തില്‍ വീട്ടില്‍ അനുവിന്റെ ഭാര്യ അനിതക്ക് (32) ഇന്ന് രാവിലെ അഞ്ചു മണിയോടെയാണ് പട്ടിയുടെ കടി ഏല്‍ക്കുന്നത്. തൊട്ടയല്‍വാസിയായ സിന്ധുഭവനില്‍ പ്രിയയുടെ വളര്‍ത്തു നായയാണ് കടിച്ചത്. നായക്ക് കൃത്യമായി വാക്സിന്‍ എടുക്കുന്നതും വീട്ടില്‍ത്തന്നെ വളര്‍ത്തുന്നതുമാണ്. അനിതയുടെ ഇടതു കൈവെള്ളയിലാണ് സാമാന്യം നല്ല മുറിവ് ഏറ്റത്. രാവിലെ 9 മണിയോടെ ആങ്ങമൂഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിയെങ്കിലും അവിടെ ഡോക്ടര്‍ ഇല്ലായിരുന്നു. അവര്‍ പറഞ്ഞതുപ്രകാരം സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തി. അവിടെ ചില കുത്തിവെയ്പ്പുകള്‍ എടുത്തു. മുറിവ് വലുതായതിനാല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് പോകുവാന്‍ ഇവര്‍ നിര്‍ദ്ദേശിച്ചു.
ഉച്ചക്ക് ഒരു മണിയോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിയ തനിക്ക് മൂന്നു കുത്തിവെപ്പുകള്‍ എടുത്തുവെന്നും ഒരു മണിക്കൂര്‍ കാത്തിരിക്കുവാന്‍ ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞതായും അനിത പറയുന്നു. രണ്ടേകാലോടെ ഡോക്ടര്‍ നോക്കിയപ്പോള്‍ അലര്‍ജി ഉണ്ടെന്ന് കണ്ടെത്തി. കുത്തിവെക്കാനുള്ള വാക്സിന്‍ ഇവിടെ ഇല്ലെന്നും പുറത്തുനിന്നും വാങ്ങി നല്‍കണമെന്നും ഇതിന് 5000 രൂപയാകുമെന്നും ലേഡി ഡോക്ടര്‍ പറഞ്ഞു. ഇത് വാങ്ങുവാന്‍ പണമില്ലെന്ന് പറഞ്ഞിട്ടും യാതൊരു സഹാനുഭൂതിയും ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് രോഗിയുടെ കൂടെയുള്ള ബന്ധുക്കള്‍ പറഞ്ഞു. അടുത്തദിവസം പണവുമായി വന്ന് വാക്സിന്‍ എടുക്കാന്‍ തീരുമാനിച്ച് തിരികെ പോരുവാന്‍ തുടങ്ങിയതോടെ സീതത്തോട്ടിലെ കോണ്‍ഗ്രസ് നേതാവ് ഷെമീര്‍ തടത്തില്‍ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. ഇതോടെ ആശുപത്രിയില്‍ പൂഴ്ത്തിവെച്ചിരുന്ന വാക്സിന്‍ മൂന്നുമണിക്ക് ഇവര്‍ക്ക് നല്‍കി. രാഷ്ട്രീയക്കാരെയും മാധ്യമങ്ങളെയും എന്തിനാണ് വിവരം അറിയിച്ചതെന്നും ആശുപത്രി ജീവനക്കാര്‍ ചോദിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ നേരിട്ടുള്ള മേല്‍നോട്ടവും കരുതലും ലഭിക്കുന്ന പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെ ജനറല്‍ ആശുപത്രിയിലാണ് ഈ സംഭവം അരങ്ങേറിയത്.