കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് ഇന്ന്. യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം നല്‍കിയത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ബന്ദ്.പൊതു പണിമുടക്കില്‍ പങ്കെടുക്കാന്‍ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ സര്‍ക്കാരിനോടുള്ള സ്വാഭാവിക പ്രതികരണമാണ് ബംഗ്ലാ ബന്ദ് എന്നും സുകാന്ത മജുംദാര്‍ പറഞ്ഞു. പ്രതിഷേധക്കാര്‍ക്കെതിരായ പോലീസ് നടപടിയില്‍ സര്‍ക്കാരിനെ ഗവര്‍ണര്‍ സി വി ആനന്ദ ബോസും വിമര്‍ശിച്ചിരുന്നു.ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ നീതി ഉറപ്പാക്കുക, മമത സര്‍ക്കാര്‍ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ സെക്രട്ടേറിയറ്റിലേക്ക് ഇന്നലെ മാര്‍ച്ച് നടത്തിയത്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. ഇതോടെ പ്രതിഷേധം തെരുവുയുദ്ധമായി മാറിയിരുന്നു.
സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കൊല്‍ക്കത്തയിലും ഹൗറയിലും സമരക്കാരും പോലീസും ഏറ്റുമുട്ടി. 200 ഓളം വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റാലിക്ക് അനുമതി നിഷേധിച്ച സര്‍ക്കാര്‍, 6000 ഓളം പോലീസ് സന്നാഹത്തെയാണ് നഗരത്തില്‍ വിന്യസിച്ചിരുന്നത്. സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ബിജെപി ഗൂഢാലോചനയുടെ ഭാഗമാണ് പ്രതിഷേധ മാര്‍ച്ചെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്. ബിജെപിയുടെ ബന്ദിനോട് സഹകരിക്കരുതെന്ന് പശ്ചിമ ബംഗാൾ സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. സാധാരണ ജീവിതത്തെ ബാധിക്കാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് അലപൻ ബന്ദോപാധ്യായ പറഞ്ഞു. എല്ലാ സർക്കാർ ഓഫീസുകളും തുറന്ന് പ്രവർത്തിക്കണമെന്നും ജീവനക്കാർ ജോലിക്ക് ഹാജരാകണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. അനധികൃതമായി ജോലിക്ക് ഹാജരാകാത്തവർക്കെതിരെ നടപടി എടുക്കുമെന്നും ബംഗാൾ സർക്കാർ അറിയിച്ചിട്ടുണ്ട്.