തിരുവല്ല : കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ വൈദികരെ അശാസ്ത്രീയമായി ട്രാന്‍സ്ഫര്‍ ചെയ്യരുതെന്ന ആവശ്യവുമായി ബിലീവേഴ്‌സ് ചര്‍ച്ച് വിശ്വാസികള്‍. കേരളത്തില്‍ നിലവില്‍ ലോക്ഡൗണ്‍ സമാനമായ നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച മുതല്‍ ഒരാഴ്ചക്കാലം ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയുമാണ്. എന്നാല്‍ യാതൊരു മുന്നൊരുക്കങ്ങളും കരുതലും ഇല്ലാതെ ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭ കേരളത്തില്‍ ഒട്ടാകെ വൈദികര്‍ക്ക് ട്രാന്‍സ്ഫര്‍ നടപ്പിലാക്കിയിരിക്കുകയാണ്.
അടുത്ത ഞായറാഴ്ചയ്ക്ക് മുമ്പ് വൈദികര്‍ പുതുതായി മാറി ചെല്ലുന്ന ഇടവകകളില്‍ ചാര്‍ജ് എടുക്കണമെന്നാണ് അന്ത്യശാസനത്തിലൂടെ മെത്രാപോലിത്ത വൈദികരെ അറിയിച്ചിരിക്കുന്നത്. ഈ അവസ്ഥ ഇടവകകളില്‍ കോവിഡ് പടര്‍ന്നു പിടിക്കുവാന്‍ സാഹചര്യമൊരുക്കുമെന്ന് വൈദികരും വിശ്വാസികളും പറയുന്നു. വയനാട്ടില്‍ സേവനമനുഷ്ഠിക്കുന്ന വൈദികനെ കൊല്ലം ജില്ലയിലേക്കും തിരുവല്ലയില്‍ ഉള്ള വൈദികനെ കോഴിക്കോട് ജില്ലയിലേക്ക് അടക്കം ട്രാന്‍സര്‍ ചെയ്തിരിക്കുന്ന അശാസ്ത്രീയ നടപടിയാണ് സഭാനേതൃത്വത്തിന് ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്ന് വിശ്വാസികള്‍ കുറ്റപ്പെടുത്തുന്നു.
സി എസ് ഐ സഭയുടെ മൂന്നാറില്‍ നടന്ന വൈദിക സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി വൈദികര്‍ കോവിഡ് ബാധിതര്‍ ആവുകയും ചിലരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ബിലീവേഴ്സ് ചര്‍ച്ചിലെ വൈദികരുടെ ട്രാന്‍സ്ഫറും കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് വിശ്വാസികള്‍ക്ക് ആശങ്കയുണ്ട്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് വിശ്വാസികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ട്രാന്‍സ്ഫര്‍ നടപടികള്‍ സ്റ്റേ ചെയ്യണം എന്ന ആവശ്യവുമായി വിശ്വാസികള്‍ കോടതിയെയും സമീപിച്ചു കഴിഞ്ഞു.