പത്തനംതിട്ട : മൈലപ്ര സഹകരണ ബാങ്കിലെ വായ്‌പാ തട്ടിപ്പ് കുടുംബസമേതമെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. സഹകരണ വകുപ്പ് ചട്ടം 65 പ്രകാരം നടത്തിയ അന്വേഷണത്തിന്റെ രേഖകളാണ് വിവരാവകാശ നിയമപ്രകാരം പുറത്തു വന്നിരിക്കുന്നത്. മുന്‍ പ്രസിഡന്റും സെക്രട്ടറിയും ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ എടുത്തു കൂട്ടിയത് 21 കോടിയോളം രൂപയുടെ വായ്‌പയാണ്. ചില്ലിക്കാശ് തിരികെ കിട്ടിയിട്ടില്ല. മുന്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍, സെക്രട്ടറി ജോഷ്വാ മാത്യു എന്നിവര്‍ എടുത്ത് വായ്‌പകളുടെ കണക്കു മാത്രമാണിത്. 89 ബിനാമി വായ്‌പകളിലായി 86.12 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരുമ്പോഴാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്.
ദീര്‍ഘകാലം മൈലപ്ര സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്ന ജെറി ഈശോ ഉമ്മനും കുടുംബാംഗങ്ങള്‍ക്കുമായുള്ളത് 2.12 കോടി രൂപയുടെ വായ്‌പയാണ്. സ്വന്തം പേരിലും ഭാര്യ, രണ്ട് മക്കള്‍, മരുമക്കള്‍ എന്നിവരുടെ പേരുകളിലും വായ്‌പയുണ്ട്. എട്ട് വായ്‌പകളാണ് ജെറി ഈശോ ഉമ്മന്റെ കുടുംബത്തിലുള്ളത്. ഇവ തിരിച്ചടച്ചില്ല. 1,71,87,652 രൂപയുടെ വായ്‌പയും 40,28,927 പലിശയും ചേര്‍ത്ത് 2,12,15,579 രുപയുടെ ബാധ്യതയാണ് ഇവര്‍ക്കായുള്ളത്. ഈ തുക ഉപയോഗിച്ച് വീടും വസ്‌തുവും വാങ്ങിയെന്നാണ് ജെറി ഈശോ ഉമ്മന്‍ ക്രൈംബ്രാഞ്ചിന് നല്‍കിയിരിക്കുന്ന മൊഴി.
നിലവില്‍ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനും കുടുംബാംഗങ്ങള്‍ക്കും കൂടി ബാങ്കിലുള്ള വായ്‌പാ ബാധ്യത 18,88,34,472 കോടി രൂപയുടേതാണ്. 28 വായ്‌പകളാണ് ജോഷ്വായും കുടുംബാംഗങ്ങളുമായി എടുത്തിരിക്കുന്നത്. വായ്‌പയുമായി ബന്ധപ്പെട്ട് ജോഷ്വാ മാത്യുവിന്റെ ബന്ധുവീടുകളില്‍ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിയിരുന്നു. വായ്‌പ എടുത്തിട്ടുണ്ടെന്നുള്ളത് ബന്ധുക്കള്‍ സമ്മതിച്ചെങ്കിലും കണക്കില്‍ പറയുന്ന തുക തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നാണ് ഇവരില്‍ പലരുടെയും വാദം. ചിട്ടിയും വായ്‌പയുമെല്ലാം കൂടിയാണ് ബാധ്യതയായിട്ടുള്ളത്. വാഴമുട്ടം സ്വദേശിയായ പത്തനംതിട്ടയിലെ മുന്‍ ആധാരം എഴുത്തുകാരന്റെ പേരിലുള്ളത് 28 വായ്‌പകളാണ്.
ഇത്തരത്തില്‍ ബിനാമി വായ്‌പക്കാരുടേതായ വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് സംഘം ശേഖരിച്ചു വരികയാണ്. ഭരണ സമിതിയുടെ അറിവോടെയാണ് വായ്‌പകള്‍ അനുവദിച്ചിട്ടുള്ളതെന്ന് ജോഷ്വാ മാത്യു വ്യക്‌തമാക്കിയിട്ടുണ്ട്. ഓരോ ബിനാമി വായ്‌പയുടെയും ഗുണഭോക്‌താക്കളായി ചുരുങ്ങിയത് അഞ്ചു പേര്‍ വീതമുണ്ടെന്നാണ് കണ്ടെത്തല്‍. ചട്ടം മറി കടന്ന് വായ്‌പ അനുവദിച്ചത് ഓഡിറ്റിലൂടെ കണ്ടെത്താതിരുന്നതും കണ്ടെത്തിയപ്പോള്‍ നടപടിയെടുക്കാതെ ഇരുന്നതും കുറ്റകൃത്യമായി കണക്കാക്കണമെന്ന് ബാങ്ക് മുന്‍ ഭരണസമിതിയംഗം ഗീവര്‍ഗീസ് തറയില്‍ ആവശ്യപ്പെട്ടു. നൂറു കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടും ഇതിനെ ലഘൂകരിച്ചു കാണാനുള്ള ശ്രമമാണ് ഇപ്പോഴും നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.