കൊച്ചി : നിയമങ്ങള്‍ കാറ്റില്‍ പറത്തി പോലീസ് നായകളുടെ പരിശീലകര്‍ക്ക് സ്ഥലം മാറ്റം. കേരള പോലീസിന്റെ അഭിമാനമായ സേനയിലെ മിടുക്കരായ അംഗങ്ങളെ പരിശീലിപ്പിച്ച പോലീസുകാരേയാണ് സ്ഥലം മാറ്റുന്നത്. പരിശീലകരുടെ സ്ഥലം മാറ്റം നായകളുടെ പ്രവര്‍ത്തികളെ കാര്യമായി ബാധിക്കും. സംസ്ഥാനത്താകെ 18 പേര്‍ക്കാണ് സ്ഥലം മാറ്റം. ജനുവരി 31ന് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഡോഗ് സ്‌ക്വാഡിലെ നായ്ക്കള്‍ മരിക്കുന്നതുവരെയോ വിരമിക്കുന്നതുവരെയോ പരിപാലകരെ മാറ്റരുതെന്ന ഉത്തരവു നിലനില്‍ക്കെയാണു പുതിയ നീക്കം. അച്ചടക്ക നടപടിയുടെ ഭാഗമായോ ആരോഗ്യപരമായ കാരണങ്ങളാലോ പരിശീലകന്റെ മരണം മൂലമോ മാത്രമേ പുതിയ പരിശീലകരെ പരിഗണിക്കാവൂ. കെ 9 സ്‌ക്വാഡിന്റെ നോഡല്‍ ഓഫിസറായ എഡിജിപിയുടെ അംഗീകാരവും പോലീസിലെ വെറ്റനറി ഡോക്ടറുടെ അനുമതിയും നിര്‍ബന്ധമാണ്. ഇതൊന്നും പരിഗണിക്കാതെയാണു പുതിയമാറ്റമെന്നാണു പരാതി.
വിവിധ സ്റ്റേഷനുകളില്‍ നിന്നു വര്‍ക്കിങ് അറേഞ്ച്‌മെന്റ് അടിസ്ഥാനത്തിലാണു പരിശീലകരെ തിരഞ്ഞെടുക്കുന്നത്. നിലവില്‍ തൃശൂര്‍ സിറ്റി, മലപ്പുറം ജില്ല സ്റ്റേഷനുകളില്‍ നിന്നുള്ളവരെയാണ് ആളില്ലെന്ന കാരണം പറഞ്ഞു മാതൃസ്റ്റേഷനുകളിലേക്കു തിരികെവിളിക്കുന്നത്. മികവിനുള്ള ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ച നായ്ക്കളുടെ പരിശീലകര്‍ക്ക് അടക്കം സ്ഥലംമാറ്റമുണ്ട്. കണ്ണൂര്‍, ആലപ്പുഴ, കൊല്ലം സിറ്റി, കൊല്ലം റൂറല്‍ എന്നിവിടങ്ങളിലെ നായ്ക്കളുടെ പരിശീലകരും കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (കെഎടി) അംഗങ്ങളായ നായ്ക്കളുടെ പരിശീലകരും കഴിഞ്ഞ പത്തിനു കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കി പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത രണ്ട് പരിശീലകരും സ്ഥലമാറ്റത്തില്‍ പെടുന്നു.
ഒരുനായ്ക്കുട്ടിയെ പരിശീലിപ്പിക്കുന്നതിനു 14 ലക്ഷത്തോളമാണു ചെലവ്. മൂന്നുമാസത്തോളം പ്രായമുള്ള ലക്ഷണമൊത്ത നായ്ക്കുട്ടികളെയാണു സേനയിലേക്കു തിരഞ്ഞെടുക്കുന്നത്. ഡോഗ് സ്‌ക്വാഡിലേക്ക് അഭിരുചിയും താല്‍പര്യവുമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും മൂന്നുമാസം 9 മാസത്തെ തീവ്ര പരിശീലനം നല്‍കിയാണ് തയ്യാറാക്കുന്നത്. വര്‍ഷങ്ങളുടെ ആത്മബന്ധമാണു പരിശീലകരുമായി നായ്ക്കള്‍ക്കുണ്ടാകുന്നത്. പരിശീലനത്തിന്റെ മികവാണു നായ്ക്കളുടെ മികവിനു വഴിവയ്ക്കുന്നതും. പരിശീലകര്‍ മാറുന്നതോടെ നായ്ക്കളുടെ പ്രവര്‍ത്തനക്ഷമത തന്നെ തകരാറിലാകുന്ന സ്ഥിതിയാണുള്ളത്.