റാന്നി : സിവിൽ സ്റ്റേഷന്റെ പരിസരത്തെ അവധി ദിന കാവൽക്കാർ യാത്രക്കാർക്ക് ഭീഷണിയാകുന്നു. റാന്നി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന താലൂക്കാഫീസിലും, തൊട്ടടുത്ത ഓഫീസായ അഗ്നിശമന സേനയുടെ ഓഫീസ് പരിസരത്തും തെരുവ് നായ്ക്കളാണ് കാവൽക്കാര്‍. അവധി ദിനങ്ങളിൽ സിവിൽ സ്റ്റേഷന്റെ പരിസരത്തുകൂടി യാത്ര ചെയ്യാന്‍ ഇവര്‍ സമ്മതിക്കില്ല. സിവിൽ സ്റ്റേഷന്റെ പിൻഭാഗത്ത് പ്രദേശവാസികളായ താമസക്കാരും മറ്റൊരു ഫ്ലാറ്റും ഉണ്ട്. ഇവിടേക്ക് അവധി ദിനങ്ങളിൽ, കാൽനടയായി എത്തുന്നവർക്കാണ് കൂടുതൽ പ്രശ്നം. ഈ രണ്ട് ഓഫീസിന്റെ പരിസരത്ത് തമ്പടിക്കുന്ന പത്തിലധികം നായ്ക്കൾ ഉണ്ട്. താലൂക്കാഫീസിന്റെ പരിസരത്തെ നായ്ക്ക് ജീവനക്കാർ വർഗീസെന്ന ഓമനപ്പേരും കൊടുത്തിട്ടുണ്ട്.
അഗ്നിശമന സേനയുടെ കാവൽ നായ് ജൂലിയാണ്. രണ്ട് നായ്ക്കളെയും ഓഫീസിലെ ജീവനക്കാർക്ക് ഇഷ്ടമായാതിനാൽ നിത്യവും ഭക്ഷണം ഇവർക്ക് കിട്ടാറുണ്ട്. വർഗീസിന്റെയും, ജൂലിയുടെയും ആഹാരത്തിന്റെ ബാക്കി കഴിക്കാൻ ഓരോരുത്തരായി എത്തിയതാണ് മറ്റ് പത്തോളം നായ്ക്കൾ. ഇവർ പല ഗ്രൂപ്പായി തിരിഞ്ഞ് വിവിധ ഓഫീസുകളുടെ മുൻപിൽ വരാന്തയിലും വാഹനങ്ങളുടെ കീഴിലുമായി കിടക്കും. അവധി ദിനങ്ങളിൽ മാത്രമേ ഇവർ യാത്രക്കാരോട് പ്രതികരിക്കു. സിവിൽ സ്റ്റേഷൻ പരിസരത്തെ ഏല്ലാ ഓഫീസുകൾക്കും കാവൽക്കാർ കൂടി വരുന്നതിനാല്‍ പരിസരവാസികൾക്ക് ശല്യം ഏറുമെന്നാണ് ആശങ്ക