ന്യൂഡൽഹി: ശകാരിച്ചതിന് വീട്ടുജോലിക്കാരൻ യുവതിയേയും മകനേയും കഴുത്തറത്ത് കൊന്നു. ഡൽഹിയിലെ ലജ്പത് നഗറിലായിരുന്നു സംഭവം. രുചിക സെവാനിയും (42) ഇവരുടെ മകൻ പത്താം ക്ലാസുകാരനായ ക്രിഷുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ വീട്ടുജോലിക്കാരൻ മുകേഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. രുചികയുടെ ഭർത്താവ് കുൽദീപ് സെവാനി വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. ലജ്പത് നഗർ മാർക്കറ്റിൽ രുചികയും ഭർത്താവും വസ്ത്രക്കട നടത്തിവരികയായിരുന്നു. ബുധനാഴ്ച രാത്രിയിൽ കടയച്ച ശേഷം കുൽദീപ് സെവാനി തിരികെ വീട്ടിലെത്തിയതായിരുന്നു.
എന്നാൽ, വാതിൽ അടച്ചിട്ടിരുന്നു. തുടർന്ന് ഭാര്യയെ ഫോണിൽ വിളിച്ചു. കിട്ടാത്തതിനെത്തുടർന്ന് മകനെ വിളിച്ചു. എന്നാൽ ഇരുവരുടെ ഭാഗത്തുനിന്ന് യാതൊരു മറുപടിയും ലഭിച്ചില്ല. പെട്ടെന്നാണ് വീട്ടിലെ ഗേറ്റിലും വാതിൽപ്പടിയിലും ചോരപ്പാടുകൾ കണ്ടത്. ഉടൻതന്നെ അദ്ദേഹം പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടു. ഭാര്യയേയും മകനേയും കാണാനില്ലെന്നും അസ്വാഭാവികമായി ചോരപ്പാടുകൾ കണ്ടെത്തിയ കാര്യവും കുൽദീപ് പോലീസിനോട് വിവരിച്ചു. ഉടൻ തന്നെ പോലീസ് സംഭവസ്ഥലത്തെത്തി. വാതിൽ പൊളിച്ച് അകത്തേക്ക് കടന്നപ്പോഴാണ് രുചികയെ മരിച്ച നിലയിൽ കണ്ടത്. കിടക്കയ്ക്കരികിലായി നിലത്ത് വീണുകിടക്കുകയായിരുന്നു രുചിക. രക്തത്തിൽ മുങ്ങിയനിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.
എന്നാൽ മകൻ രുചികയുടെ അടുത്തുണ്ടായിരുന്നില്ല. തുടർന്ന് വീട്ടിൽ തിരച്ചിൽ നടത്തിയപ്പോഴാണ് ശുചിമുറിയിൽ ക്രിഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചോരയിൽ മുങ്ങിക്കുളിച്ച നിലയിൽ ശുചിമുറിയുടെ തറയിൽ കിടക്കുകയായിരുന്നു ക്രിഷ്. അന്വേഷണത്തിൽ ഡൽഹിയിലെ അമർ കോളനിയിൽ നിന്നുള്ള മുകേഷ് (24) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഇവരുടെ കടയിൽ ഡ്രൈവറായും വീട്ടുവേലക്കാരനായും ജോലിചെയ്തു വരികയായിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് മുകേഷ് പിടിയിലാകുന്നത്. തന്നെ വഴക്കുപറഞ്ഞതിലുള്ള വൈരാഗ്യത്തിലാണ് ഇരുവരേയും കൊലപ്പെടുത്തിയതെന്നാണ് മുകേഷിന്റെ മൊഴിയെന്ന് റിപ്പോർട്ട്. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.