ഇന്ന് ലോകരക്ത ദാന ദിനം. മറ്റൊരാള്ക്ക് രക്തം നല്കുന്നതിലൂടെ നിങ്ങൾ ഒരാളുടെ ജീവൻ തിരിച്ചുനല്കിയേക്കാം. രക്തം ദാനം ചെയ്യുന്നത് കൊണ്ട് മറ്റൊരാളുടെ ആരോഗ്യം മെച്ചപ്പെടുക മാത്രമല്ല, നല്കുന്നയാളുടെ ആരോഗ്യവും മെച്ചപ്പെടുന്നുവെന്നതാണ് വാസ്തവം. അതുകൊണ്ട് നിങ്ങള് ആരോഗ്യവാനാണെങ്കില് രക്തം നല്കുന്നതിന് യാതൊരു മടിയും കാണിക്കരുത്.
രക്തദാനം’ ശരീരത്തില്‍ അയേണിന്റെ തോത് മെച്ചപ്പെടുത്തുന്നു
കൃത്യമായി രക്തം ദാനം ചെയ്യുന്നവര്‍ക്ക് ശരീരത്തില്‍ അയേണിന്റെ തോത് ശരിയായ അളവില്‍ നില നിര്‍ത്തപ്പെടുന്നു. ഇത് ഹീമോക്രോമാറ്റോസിസ് എന്ന കണ്ടീഷന്‍ വരുന്നത് തടയുന്നു. അയേണ്‍ ബൈന്റിംഗ് പ്രോട്ടീനുകള്‍ വിവിധ കോശങ്ങളില്‍ അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഇത്. ഇത് ഡയബെറ്റിസ് മെലിറ്റസ്, ലിവര്‍ പ്രശ്‌നം, ചര്‍മത്തിന് നിറം മാററം തുടങ്ങിയ പല അവസ്ഥകള്‍ക്കും ഇടയാക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അയേണ്‍ ശരീരത്തില്‍ ആവശ്യത്തില്‍ കൂടുതലാകുന്ന അവസ്ഥ. അയേണ്‍ കുറയുന്നത് വിളര്‍ച്ചാ പ്രശ്‌നമുണ്ടാക്കുന്നത് പോലെ കൂടിയാലും പ്രശ്‌നം തന്നെയാണ്.
ഹൃദയആരോഗ്യം മെച്ചപ്പെടുത്തും
പല ഹൃദയ പ്രശ്‌നങ്ങളും തടയാന്‍ സഹായിക്കുന്ന ഒന്നാണ് രക്തദാനമെന്നത്. ഇത് ശരീരത്തിലെ സര്‍ക്കുലേഷന്‍ ശരിയായ വിധത്തില്‍ നടക്കാന്‍ സഹായിക്കുന്നു. വാസ്‌കുലാര്‍ ആരോഗ്യത്തെ സഹായിക്കുന്നു. ഉയര്‍ന്ന ബിപി കുറയ്ക്കാന്‍ രക്തദാനം സഹായകമാണ്. രക്തത്തിന്റെ സാന്ദ്രത കുറയ്ക്കാന്‍ രക്തദാനം സഹായിക്കുന്നു. ഇത് രക്തം കട്ട പിടിയ്ക്കുന്നത് ഒഴിവാക്കുകയും ഹാര്‍ട്ട് അറ്റാക്ക് പോലുള്ള അവസ്ഥകള്‍ ഒഴിവാക്കുകയും ചെയ്യുന്നു.
മാനസിക ആരോഗ്യം മെച്ചപ്പെടുത്തും
രക്തദാനം നല്‍കുന്ന മാനസിക ഗുണങ്ങളുമുണ്ട്. ഇത് നമുക്ക് സമൂഹവുമായി ബന്ധപ്പെട്ട് നില്‍ക്കാനുള്ള അവസരം നല്‍കുന്നു. ഇത് സാമൂഹ്യ സേവനം കൂടിയാണ്. നമ്മുടെ മനസിന് ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും ശരീരത്തിന്റെ ആരോഗ്യത്തിലും പ്രതിഫലിയ്ക്കുക തന്നെ ചെയ്യും. മാത്രമല്ല, ഇത് ഒരു റെഗുലര്‍ ഹെല്‍ത്ത് ചെക്കപ്പ് ഗുണം നല്‍കുന്ന ഒന്ന് കൂടിയാണ്. രക്തദാനത്തിന് മുന്‍പായി മെഡിക്കല്‍ പരിശോധനകള്‍ നടത്താറുണ്ട്. അതും ഫ്രീ ആയി. ഇതില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ആ ആരോഗ്യ പ്രശ്‌നം നമുക്ക് കണ്ടെത്താനും ചികിത്സിയ്ക്കാനുമുള്ള അവസരം കൂടിയാണ് രക്തദാനത്തിലൂടെ ലഭ്യമാകുന്നത്.
കൊഴുപ്പടിയുന്നത് ഒഴിവാകും
ശരീരത്തിലെ കൊഴുപ്പൊഴിവാക്കാനുള്ള ഒരു വഴി കൂടിയാണ് രക്തദാനമെന്നത്. രക്തദാനം നടത്തുമ്പോള്‍ ഈ പ്രക്രിയ നടക്കാന്‍ ശരീരത്തിന് 500 കലോറി ഉപയോഗിയ്‌ക്കേണ്ടി വരുന്നു. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. രക്തദാനത്തിന് ശേഷം അല്‍പം കൊഴുപ്പുള്ള ഭക്ഷണം കഴിച്ചാലും കുഴപ്പമില്ലെന്നര്‍ത്ഥം. തടി കുറയ്ക്കാനുള്ള എളുപ്പവഴിയായി ഇതിനെ കാണാം.