ചെറു ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനായി ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡോങ്‌ഫെങ് ഓഗസ്റ്റില്‍ തുടക്കം കുറിച്ച പുത്തന്‍ ബ്രാന്‍ഡാണ് നമ്മി. ബ്രാന്‍ഡ് പുറത്തിറക്കിയ കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ ആണ് നമ്മി 01. ഈ ഇലക്ട്രിക് കാറിന്റെ വില്‍പ്പന ചൈനയില്‍ ഔദ്യോഗികമായി ആരംഭിച്ചു. ഏകദേശം 9.46 ലക്ഷം മുതല്‍ 13.02 ലക്ഷം രൂപ വരെയാണ് വില വരിക. വളരെ ഒതുക്കമുള്ള ബോഡിയാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ഇതിന്റെ ക്യൂട്ട് കര്‍വി ലുക്ക് കണ്ടാല്‍ ആരും നോക്കിപ്പോകും. ഇവിക്ക് 4030 mm നീളവും 1810 mm വീതിയും 1570 mm ഉയരവുമുണ്ട്. 2660 mm ആണ് വീല്‍ബേസ് അളവ്. ഈ ഇലക്ട്രിക് കാറിന്റെ മുന്‍വശത്ത് ക്ലോസ്ഡ് ഓഫ് ഗ്രില്‍, ത്രികോണാകൃതിയിലുള്ള ഹെഡ്ലാമ്പുകള്‍, എല്‍ഇഡി സ്ട്രിപ്പുകളുമായി സംയോജിപ്പിച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നു. ഫ്ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍, സര്‍ക്കുലാര്‍ വീല്‍ ആര്‍ച്ചുകള്‍, കറുപ്പ് നിറത്തിലുള്ള പില്ലറുകള്‍, സ്പോര്‍ട്ടി അലോയ് വീലുകള്‍ എന്നിവയാണ് നമ്മിയുടെ മറ്റ് സവിശേഷതകൾ.
കാറിന്റെ അകത്തളത്തില്‍ നല്ല സ്‌പെയ്‌സ് ഉള്ള ഫീല്‍ കിട്ടാനായി വളരെ മിനിമലിസ്റ്റിക് ആയാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഡാഷ്ബോര്‍ഡിലും സെന്റര്‍ കണ്‍സോള്‍ ഏരിയയിലും കുറച്ച് ബട്ടണുകള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ. വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലൂടെയും ഡാഷ്ബോര്‍ഡില്‍ നല്‍കിയിരിക്കുന്ന ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളിലൂടെയും ബട്ടണുകള്‍ എല്ലാം ലഭ്യമാകും. ഉപയോഗക്ഷമത ഏറെമെച്ചപ്പെടുത്തുന്ന ഡ്രോയര്‍ ടൈപ്പ് ഗ്ലൗ ബോക്‌സും ക്യാബിനിലെ മറ്റൊരു ആകര്‍ഷണമാണ്. ഫുള്‍ വിഡ്ത്ത് എസി വെന്റുകള്‍, മൗണ്ടഡ് കണ്‍ട്രോള്‍ സഹിതമുള്ള ടു-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, ബുദ്ധിപരമായി രൂപകല്‍പ്പന ചെയ്ത യൂട്ടിലിറ്റി സ്പെയ്സുകള്‍ എന്നിവയാണ് അകത്തളത്തിലെ മറ്റ് ഹൈലൈറ്റുകള്‍. ഗുണനിലവാരമുള്ള മെറ്റീരിയലുകളും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഡ്യുവല്‍-ടോണ്‍ തീമിന്റെ ഉപയോഗവും ഇന്റീരിയറിന് പ്രീമിയം ഫീല്‍ നല്‍കുന്നു. ലെവല്‍ 2 ADAS അടക്കമുള്ള ചില ഹൈടെക്ക് ഫീച്ചറുകളും കാറില്‍ വാഗ്ദാനം ചെയ്യുന്നു.
രണ്ടാം നിര സീറ്റുകള്‍ മടക്കി വെച്ചാല്‍ 945 ലിറ്റര്‍ സ്റ്റോറേജ് സ്‌പേസ് ലഭിക്കുന്നു. ഡോങ്‌ഫെങ്ങിന്റെ S3 പ്ലാറ്റ്ഫോം ഉപയോഗിച്ച് നിര്‍മ്മിച്ച ആദ്യത്തെ വാഹനമായ നമ്മി 01 ഇലക്ട്രിക് കാറില്‍ 31.45 kWh, 42.3 kWh ബാറ്ററി പായ്ക്കുകളാണ് വരുന്നത്. ആദ്യത്തേത് 330 കിലോമീറ്ററും രണ്ടാമത്തേത് 430 കിലോമീറ്ററും റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 70 kW പവര്‍ നല്‍കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഇതിന്റെ ശക്തി. മണിക്കൂറില്‍ 140 കിലോമീറ്ററാണ് ടോപ് സ്പീഡ് റേറ്റ് ചെയ്തിരിക്കുന്നത്. നമ്മി 01 ഇലക്ട്രിക് കാര്‍ എന്ന് ഇന്ത്യയിലെത്തുമെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല.