കോന്നി : ജനപങ്കാളിത്തത്തോടെയുള്ള വന സംരക്ഷണത്തിനായി 2002ൽ ആരംഭിച്ച വന സംരക്ഷണ സമിതികളുടെ കണക്കിലും സാമ്പത്തിക ഇടപാടുകളിലും ക്രമക്കേടുണ്ടെന്നു പോലീസ് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് വന സംരക്ഷണ സമിതി സെക്രട്ടറിമാരെ കണക്ക് പഠിപ്പിക്കാൻ വനം വകുപ്പ് തീരുമാനിച്ചു. ജംഗിൾ സഫാരി എന്ന പേരിൽ നടത്തിയ ഈ റെയ്ഡിലെ കണ്ടെത്തലുകളാണ് വന സംരക്ഷണ സമിതി സെക്രട്ടറിമാരെ കണക്ക് പഠിപ്പിക്കണമെന്ന വനം വകുപ്പിൻ്റെ തീരുമാനത്തിന് പിന്നിൽ. ജംഗിൾ സഫാരിയെന്ന പേരിൽ പോലീസ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ക്രമക്കേടുകൾ ആയിരുന്നെങ്കിലും വനം വകുപ്പ് ഒരു ജീവനക്കാരൻ്റെ പേരിൽ പോലും നടപടി സ്വീകരിക്കുകയുണ്ടായില്ല.
വന സംരക്ഷണ സമിതികളെ ബിനാമിയാക്കി സിവിൽ വർക്കുകൾ വരെ ചെയ്തതായി കണ്ടെത്തിയിരുന്നു. നഗരവനം, വിദ്യാവനം പദ്ധതി വന സംരക്ഷണ സമിതികളുടെ പേരിൽ ഒരു റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ചെയ്യുകയായിരുന്നെന്നും വിജിലൻസ് സംഘം കണ്ടെത്തിയിരുന്നു. ക്രമക്കേടുകളുടെ ഒരു വശത്ത് ഉന്നത ഉദ്യോഗസ്ഥർ കൂടി ഉണ്ടെന്ന് ഉറപ്പായതോടെ വിജിലൻസ് സംഘം അങ്കലാപ്പിലായി. തുടർന്ന് അന്വേഷണം പാതി വഴിയിൽ നില്ക്കുകയായിരുന്നു. വിജിലൻസ് കണ്ടെത്തിയത് ക്രമക്കേടുകൾ ആണെങ്കിലും വനം വകുപ്പിന് പ്രധാനം കണക്കെഴുത്താണെന്നതാണ് ഇപ്പോഴത്തെ കണക്ക് പരിശീലനത്തിലെ കൗതുകം.