കട്ടപ്പന: മാലിന്യം വഴിയരികില്‍ തള്ളിയയാള്‍ക്ക് എട്ടിന്റെ പണി. ഇരട്ടയാര്‍ പഞ്ചായത്തിലാണ് സംഭവം. ചാക്കിലും കൂടിലുമായി നിറച്ച മാലിന്യങ്ങളാണ് വഴിയരികില്‍ തള്ളിയത്. ബുധനാഴ്ച രാവിലെ റോഡ് അരികില്‍ മാലിന്യം തള്ളിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരും ആരോഗ്യ പ്രവര്‍ത്തകരും പോലീസും സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മാലിന്യത്തിനൊപ്പം മേല്‍വിലാസം രേഖപ്പെടുത്തിയ ഒരു ബാങ്ക് സ്ലിപ്പ് ലഭിച്ചിരുന്നു. ഇതില്‍ നിന്നാണ് മാലിന്യം തള്ളിയ ആളെ കണ്ടെത്തിയത്. ഇതോടെ ഇയാളെ സ്ഥലത്തേക്ക് വിളിച്ചു വരുത്തി. മാലിന്യം തിരികെ എടുപ്പിക്കുകയും ഇയാളില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.