ദില്ലി : കേന്ദ്രസര്‍ക്കാരിനെതിരായ യോജിച്ചുള്ള സമരത്തിലെ കോണ്‍ഗ്രസ് നിലപാട് പുനപരിശോധിക്കണമെന്ന് സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. ന്യായമായ ആവശ്യങ്ങള്‍ക്കായാണ് കേന്ദ്രത്തിനെതിരെ ഡല്‍ഹിയില്‍ സമരം നടക്കുന്നത്. കോണ്‍ഗ്രസിനെ ഇത്ര മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ച ബിജെപിയെ ന്യായീകരിക്കാന്‍ ശ്രമിക്കരുതെന്ന് കെ വി തോമസ് ഓര്‍മിപ്പിച്ചു. സമരത്തിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായിട്ടുണ്ടെന്നും കെ വി തോമസ് പറഞ്ഞു. സംസ്ഥാനങ്ങളോട് കേന്ദ്രം ചിറ്റമ്മ നയം സ്വീകരിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും ഇപ്പോള്‍ അംഗീകരിക്കുകയാണെന്ന് കെ വി തോമസ് ചൂണ്ടിക്കാട്ടി.
കെ – റെയില്‍ ഉള്‍പ്പെടെയുള്ളവ നിരവധി കത്ത് നല്‍കിയിട്ടും കേന്ദ്ര അനുമതിയില്ലാത്തതിനാല്‍ മുന്നോട്ട് നീങ്ങുന്നില്ല. അന്ധമായ എതിര്‍പ്പാണ് കേന്ദ്രത്തിന്റെ സമീപനമെന്നും കെ വി തോമസ് കുറ്റപ്പെടുത്തി. ഈ ഘട്ടത്തില്‍ കേരള സര്‍ക്കാര്‍ നടക്കുന്ന സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നിലപാട് ശരിയാണോ എന്ന് കോണ്‍ഗ്രസ് പരിശോധിക്കട്ടേയെന്ന് കെ വി തോമസ് പറയുന്നു. കര്‍ണാടകയും സമാനമായ സമരം നടത്തുന്നുണ്ടല്ലോ. കേരളത്തിന് മുന്നോട്ടുപോകേണ്ടേ. സംസ്ഥാനത്ത് പരിശുദ്ധമായ ഭരണമാണ് നടക്കുന്നത്. ഭരണം നടത്തിപ്പിന്റെ വേളയില്‍ എന്തെങ്കിലും ചെറിയ പ്രശ്‌നങ്ങളുണ്ടായാല്‍ തന്നെ അത് പരിഹരിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും കെ വി തോമസ് പറഞ്ഞു.