തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടതിലും കൂടുതല്‍ ഇരട്ടവോട്ട് തട്ടിപ്പുണ്ടെന്നും 10 ലക്ഷത്തിലധികം വോട്ടുകളുടെ കൂടി സാധുത പരിശോധിച്ചുവരുകയാണെന്നും ഡോ. തോമസ് ജോസഫും സംഘവും. ഇരട്ട വോട്ടുകളുടെ വിവരം തെളിവ് സഹിതം പുറത്തുവിടാന്‍ രമേശ് ചെന്നിത്തലയെ സഹായിച്ച കോണ്‍ഗ്രസ് ബൂത്ത് മാനേജ്മെന്റ് സംവിധാനത്തിന്റെ തലവനാണ് ഐ.ഐ.എം മുന്‍ പ്രൊഫസര്‍ കൂടിയായ ഡോ. തോമസ് ജോസഫ്.
4.34 ലക്ഷം ഇരട്ട വോട്ട് തട്ടിപ്പുകളുടെ വിവരം പുറത്തുവന്നപ്പോള്‍ അതിനെതിരെ പ്രതികരിക്കുന്നതിനു പകരം പുറത്തുകൊണ്ടുവരുന്നവരെയും ഡേറ്റ സ്വകാര്യതയെയും കുറിച്ച് വിമര്‍ശനമുന്നയിക്കാനാണ് പലര്‍ക്കും താല്പര്യമെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജ്, ബംഗളൂരു ഐ.ഐ.എം, ഹാര്‍വഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഉന്നത പഠനം നടത്തിയ തോമസ് ജോസഫ് അറിയപ്പെടുന്ന സ്ട്രാറ്റജി മാനേജ്മെന്റ് വിദഗ്ധന്‍ കൂടിയാണ്.
2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രതീക്ഷിച്ചത് 100 സീറ്റാണ്. ഫലം വന്നപ്പോള്‍ 72ല്‍ ഒതുങ്ങി. 28 സീറ്റ് നഷ്ടപ്പെടാന്‍ കാരണം വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പായിരുന്നെന്ന് പിന്നീടുള്ള പരിശോധനയില്‍ വ്യക്തമായി. ഇതോടെയാണ് പട്ടിക വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചത്. 2011ലും 2016ലും ഇരട്ടവോട്ട് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും കമ്മീഷന് ഗൗരവമായെടുത്തില്ല.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ആലത്തൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍നിന്ന് ലക്ഷത്തോളം വ്യാജ വോട്ടര്‍മാരെ പരാതികളിലൂടെ നീക്കി. ഇവിടങ്ങളിലെ നിയമസഭ മണ്ഡലങ്ങളില്‍ ഓരോന്നിലും ശരാശരി 14,000ത്തോളം വ്യാജവോട്ടര്മാരാണുണ്ടായിരുന്നത്. ഇവ കണ്ടെത്തി പരാതി നല്‍കിയതോടെയാണ് നീക്കം ചെയ്തത്. രാഹുല്‍ ഗാന്ധിയുടെ വരവും വോട്ടര്‍പട്ടികയിലെ വ്യാജന്മാരെ നീക്കിയതുമാണ് ആലത്തൂരും ആറ്റിങ്ങലും കോണ്‍ഗ്രസ് ജയിക്കാന്‍ കാരണം.
ചുരുങ്ങിയത് അഞ്ചുലക്ഷം വ്യാജ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ പലരുടെ കൈയിലുമുണ്ട്. യഥാര്‍ഥ വോട്ടര്‍ അറിയാതെയാണ് ഇവ നല്‍കിയത്. സംസാരിക്കുന്ന തെളിവുകള്‍ എന്ന പേരില്‍ വെബ്സൈറ്റില്‍ നല്കിയ കഴക്കൂട്ടത്തെ 500 സാമ്പിള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഒരാളുടെ ഫോട്ടോ ഉപയോഗിച്ച് പലപേരുകളില്‍ പലയിടത്തായി വോട്ട് ചേര്‍ത്തതിന്റെയും ഐഡി കാര്ഡുണ്ടാക്കിയതിന്റെയും ലക്ഷത്തിലധികം സാമ്പിളുകള്‍ കണ്ടെത്തി.
പേരിലെ സാമ്യം ഉള്‍പ്പെടെ പരിശോധിച്ചുള്ള ‘ഡെമോഗ്രാഫിക്കലി സിമിലര്‍ എന്‍ട്രി’ രീതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടര്‍പട്ടിക പരിശോധിക്കാന്‍ പ്രയോഗിക്കുന്നത്. പേരിലെ ഒരക്ഷരം മാറിയാല്‍ പോലും ഈ രീതി ഫലപ്രദമായി പ്രവര്‍ത്തിക്കില്ല. ഒരു വോട്ടറുടെ ഫോട്ടോ ഉപയോഗിച്ച് വ്യത്യസ്ത പേരുകളില്‍ പത്തുവരെ വോട്ടുകളും ഐഡിയും സൃഷ്ടിക്കുന്നത് ഈ സംവിധാനത്തില്‍ എങ്ങനെ കണ്ടെത്താനാവും. തെളിവ് സഹിതം പരാതി നല്‍കിയിട്ടും കമ്മീഷന് നടപടിക്ക് തയ്യാറാകുന്നില്ല. ഇത്രയും വലിയ തട്ടിപ്പ് നടക്കുമ്പോള്‍ എന്തുകൊണ്ട് ബയോമെട്രിക് സംവിധാനത്തിലേക്ക് കമ്മീഷന് മാറുന്നില്ലെന്ന് തോമസ് ജോസഫ് ചോദിക്കുന്നു.