കോഴഞ്ചേരി : വിഖ്യാത ശാസ്‌ത്രജ്‌ഞനും പരിസ്‌ഥിതി പ്രവര്‍ത്തകനും ആയിരുന്ന ഡോ. കസ്‌തൂരി രംഗനെ അയിരൂര്‍ ഗ്രാമക്കാര്‍ സ്‌മരിക്കുന്നതിന് അതിനപ്പുറം ചിലകാരണങ്ങളുണ്ട്. ഐ.എസ്.ആര്‍.ഓ മുന്‍ ചെയര്‍മാനും കേന്ദ്ര ശാസ്‌ത്ര സാങ്കേതിക സെക്രട്ടറിയായും അടക്കം നിരവധി ഉന്നത പദവികള്‍ വഹിച്ച് വിരമിച്ച ശേഷം രാജ്യസഭാ അംഗമായിരിക്കുമ്പോള്‍ നല്‍കിയ സഹായമാണ് എന്നും അയിരൂര്‍ നിവാസികളുടെ സ്‌മരണയിലുള്ളത്. നിരവധി കായിക താരങ്ങളും പ്രതിഭകളും ഉള്ള അയിരൂരില്‍ ഇവര്‍ക്ക് പരിശീലനത്തിനായി ഒരു കളിക്കളം ഉണ്ടായിരുന്നില്ല. ഇത് യാഥാര്‍ഥ്യമാക്കാനുള്ള ആദ്യ വിഹിതം നല്‍കിയത് ഡോ. കസ്‌തൂരി രംഗന്‍ എം.പി ആയിരുന്നു. 2009 ലാണ് അദ്ദേഹം എം പി ഫണ്ടില്‍ നിന്നും ഇതിനായി 30 ലക്ഷം രൂപ അനുവദിച്ചത്. ഈ തുക ലഭിച്ചതോടെ 2010 ല്‍ സ്റ്റേഡിയം മണ്ണിട്ട് നികത്തുകയും ഇതിനു ചുറ്റോടുചുറ്റും അടിസ്‌ഥാന മതില്‍ നിര്‍മ്മിക്കുകയും ചെയ്‌തു. ഇതിനു പുറമേ സ്‌റ്റേഡിയത്തിന് ആര്‍ച്ചും ഗേറ്റും സ്‌ഥാപിച്ചു.
പ്രധാനമന്ത്രി ആയിരുന്ന ഡോ.മന്‍മോഹന്‍ സിങ്ങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അയിരൂര്‍ സ്വദേശിയുമായ ടി.കെ. എ നായര്‍ക്ക് ഗ്രാമ പഞ്ചായത്ത് നല്‍കിയ പദ്ധതി അദ്ദേഹം ഡോ. കസ്‌തൂരിരംഗന് കൈമാറിയതിനെ തുടര്‍ന്നാണ് കായിക വളര്‍ച്ചയ്‌ക്കായി സ്‌റ്റേഡിയം നിര്‍മ്മിക്കാന്‍ 30 ലക്ഷം രൂപ അനുവദിച്ചത്. ഏറെ പ്രതീക്ഷയോടെ ആയിരുന്നു അന്ന് തുക സ്വീകരിക്കുകയും നിര്‍മ്മാണം ആരംഭിക്കുകയും ചെയ്‌തത്. പദ്ധതി പ്രവര്‍ത്തങ്ങള്‍ വിലയിരുത്താനും ശിലാസ്ഥാപനത്തിനും അദ്ദേഹം അയിരൂരില്‍ എത്തിയിരുന്നു. സ്‌റ്റേഡിയത്തിനായി തുടര്‍സഹായവും വാഗ്‌ദാനം ചെയ്‌തു. എന്നാല്‍ വിചാരിച്ചത്ര വേഗതയിലും കൃത്യതയിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയില്ല. ഇതിനാല്‍ തുടര്‍ പദ്ധതികള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞതുമില്ല. ഇതിനിടയില്‍ രാജ്യസഭയിലെ കാലാവധി അവസാനിക്കുകയും ചെയ്‌തു.
ഇത് സ്‌റ്റേഡിയം വികസനത്തിനും തടസമായി. പിന്നീട് പലതവണ ത്രിതല പഞ്ചായത്തുകള്‍ നിരവധി പദ്ധതികള്‍ തയ്യാറാക്കി നിര്‍മ്മാണം നടത്തിയെങ്കിലും ഇനിയും പൂര്‍ത്തിയായിട്ടില്ല. കായിക വികസനത്തിനായി സ്റ്റേഡിയം എന്നത് അയിരൂര്‍ നിവാസികളുടെ സ്വപ്‌നം ആയിരുന്നു. എന്നാല്‍ പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് കാരണം മിക്കപ്പോഴും ഇത് കാട് കയറിയ അവസ്ഥയിലാണ്. കായിക പ്രതിഭകള്‍ക്കും കുട്ടികള്‍ക്കും പലപ്പോഴും ഇവിടേക്ക് കയറാന്‍ പോലും കഴിയുന്നില്ല. നിരവധി സമരങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പിന്നീട് ഈ സ്റ്റേഡിയം കാരണമായി. നിര്‍മ്മാണം ആരംഭിച്ച് ഒന്നര പതിറ്റാണ്ട് കഴിയുമ്പോഴും ഇനിയും ഇത് പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ മാറി മാറി വന്ന ഭരണ നേതൃത്വങ്ങള്‍ക്ക് കഴിഞ്ഞിട്ടുമില്ല.