പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം. എസ്. സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലമ്പർക്ക് പണിത് നൽകുന്ന 316 -മത് സ്നേഹഭവനം സുശീല സുദേഷ് ദമ്പതികളുടെ സഹായത്താൽ വള്ളംകുളം തേളൂർമല മന്നത്ത് മൂലച്ചരുവിൽ ബീന ജോർജിനും രണ്ട് കുട്ടികൾക്കുമായി നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡൻറ് ശശിധരൻപിള്ളയും ഡോ. എം. എസ്. സുനിലും ചേർന്ന് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായ ഒരു ഭവനം നിർമ്മിക്കുവാൻ കഴിയാതെ 8 അംഗങ്ങൾ ഉള്ള യാതൊരു സൗകര്യങ്ങളും ഇല്ലാതെ ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ജോർജിൻറെ സഹോദരനും ഭാര്യയും കുഞ്ഞും വിധവയായ സഹോദരിയും മകളും ജോർജിന്റെ നാലംഗ കുടുംബവും യാതൊരു സൗകര്യങ്ങളും ഇല്ലാത്ത സുരക്ഷിതമല്ലാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നു താമസിച്ചിരുന്നത്. ജോർജിന്റെ തുച്ഛമായ വരുമാനം കൊണ്ട് മക്കളുടെ വിദ്യാഭ്യാസവും വീട്ടുചിലവുകളും നടത്തുവാൻ ബുദ്ധിമുട്ടിയിരുന്ന കുടുംബം സ്വന്തമായ ഒരു ഭവനം പണിയുവാൻ പറ്റാത്ത സാഹചര്യത്തിലായിരുന്നു. ഇവർക്ക് കുടുംബ വീടിനോട് ചേർന്നുള്ള 3 സെൻറ് സ്ഥലത്ത് ആയി രണ്ട് നിലകളിലായി മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും അടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു ചടങ്ങിൽ വാർഡ് മെമ്പർ കെ .കെ. വിജയമ്മ, പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ, അലക്സ്. കെ. ചാക്കോ, എന്നിവർ പ്രസംഗിച്ചു.